Health

മണ്‍സൂണ്‍ കാലത്ത് മുടി പരിപാലിക്കേണ്ടത് എങ്ങനെ? ചില ടിപ്പുകള്‍ ഇതാ..- Hair care tips during monsoon

മഴക്കാലത്ത് മുടിയുടെ സംരക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ടതുണ്ട്. അന്തരീക്ഷത്തില്‍ അധികമായുണ്ടാകുന്ന ഈര്‍പ്പം, മലിനീകരണം, അഴുക്ക് എന്നിവയൊക്കെ മുടിക്ക് കേടുപാടുകള്‍ ഉണ്ടാക്കിയേക്കാം. ഒരു പരിതി വരെ മഴക്കാലം നിങ്ങളുടെ മുടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. മഴക്കാലത്ത് നരച്ച മുടി, പുരുപരുത്തതായ മുടി, താരന്‍, പേന്‍ എന്നിവ വരാനുളള സാധ്യത ഏറെയാണ്.

മണ്‍സൂണ്‍ കാലത്ത് മുടി എങ്ങനെ പരിപാലിക്കണം എന്ന കാര്യത്തില്‍ പലര്‍ക്കും വലിയ സംശയങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യമുളള മുടിയിഴകള്‍ക്കായി ചുവടെ കൊടുത്തിരിക്കുന്ന രീതിയില്‍ സംരക്ഷണം നല്‍കാവുന്നതാണ്.

1. കഴുകല്‍

മഴവെള്ളത്തിലൂടെ തലയോട്ടിയില്‍ എത്തുന്ന അവശിഷ്ടങ്ങളോ കണികകളോ നീക്കം ചെയ്യാന്‍ നിങ്ങളുടെ മുടി പതിവായി ഷാംപൂ ഉപയോഗിച്ച് കഴുകുക.

2. കണ്ടീഷനിംഗ്

ഫ്രിസിനെ നിയന്ത്രിക്കുകയും മുടി മിനുസപ്പെടുത്തുകയും ചെയ്യുന്നതിനായി മാസ്‌ക് ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ മുടി കണ്ടീഷന്‍ ചെയ്യുന്നത് പ്രധാനമാണ്.

3. മറയ്ക്കല്‍

മഴവെള്ളം നിങ്ങളുടെ മുടിയെ നിര്‍ജീവമാക്കുന്നു. ഇത് തടയാന്‍, ഹെയര്‍ സെറം അല്ലെങ്കില്‍ ലീവ്-ഇന്‍ കണ്ടീഷണര്‍ ഏതാനും തുള്ളി നടുവിലും അറ്റത്തും പുരട്ടുക. ഇത് മുടിയ്ക്ക് മുകളില്‍ ഒരു പാളി ഉണ്ടാക്കുന്നു. ഇതിലൂടെ നിങ്ങളുടെ മുടിക്ക് സംരക്ഷണവും പോഷണവും തിളക്കവും ലഭിക്കുന്നു.

4. ഉണക്കല്‍

നിങ്ങള്‍ മഴയില്‍ നനഞ്ഞാല്‍, നിങ്ങളുടെ മുടി ഉടന്‍ തന്നെ കഴുകി നന്നായി ഉണക്കുക. കാരണം മഴവെള്ളം ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയ അണുബാധയ്ക്ക് കാരണമാകും. കൂടാതെ നനഞ്ഞ മുടിയുമായി ഒരിക്കലും പുറത്തിറങ്ങുകയും ചെയ്യരുത്. ഒന്നുകില്‍ നിങ്ങളുടെ മുടി ഒരു ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കുക (ഇടത്തരം മുതല്‍ കുറഞ്ഞ ചൂട് വരെ) അല്ലെങ്കില്‍ സ്വാഭാവികമായി വായുവില്‍ ഉണങ്ങാന്‍ അനുവദിക്കുക.

5. ഓയിലിംഗ്

മോയ്‌സ്ചറൈസിംഗ് ഓയില്‍ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് തലയോട്ടിക്കും മുടിക്കും ഈര്‍പ്പം നല്‍കും. എന്നാല്‍ മഴക്കാലത്ത് നിങ്ങളുടെ തലയോട്ടിയില്‍ എണ്ണമയം കൂടുതലായതിനാല്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുക.

സ്ത്രീകള്‍ക്കായാലും പുരുഷന്മാര്‍ക്കായാലും മുടി അഴക് തന്നെയാണ്. നല്ല കനമുള്ള കറുത്ത മുടി സ്വപ്നം കാണാത്തവര്‍ കുറവായിരിക്കും. എന്നാല്‍ മുടിയെ ആരോഗ്യത്തോടെ നോക്കുക എന്ന് പറയുന്നത് ചെറിയ കാര്യവുമല്ല. മുടി കൊഴിച്ചില്‍, മുടിയുടെ അറ്റം പൊട്ടല്‍, വരണ്ട മുടി എന്നീ പ്രശ്‌നങ്ങളെ തടയുന്നതിനായി മേല്‍ പറഞ്ഞ രീതിയില്‍ കെയര്‍ ചെയ്യുക. ഒപ്പം ഓരോ 6 മുതല്‍ 8 ആഴ്ചയിലും മുടി വെട്ടുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയാനും മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. ഇത് മുടിയുടെ കേടുപാടുകള്‍ ഇല്ലാതാക്കാനും സഹായിക്കും.