ഒട്ടാവ: വെസ്റ്റ് ബാങ്കിലെ അനധികൃത കൈയേറ്റത്തിലും ഫലസ്തീനികള്‍ക്കെതിരായ അതിക്രമത്തിലും ഇസ്രായേല്‍ നേതാക്കള്‍ക്കെതിരെ നടപടിയുമായി കാനഡ. ഏഴ് ഇസ്രായേല്‍ നേതാക്കള്‍ക്കും അഞ്ച് സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തി. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് ഇസ്രായേലിനെതിരായ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വെസ്റ്റ് ബാങ്കിലെ പ്രധാന കുടിയേറ്റ കൂട്ടായ്മയായ അമാന മൂവ്മെന്റ്, കുടിയേറ്റ നേതാവ് ഡാനിയേല വീസ് എന്നിവര്‍ക്കെതിരെയെല്ലാം നടപടിയുണ്ടെന്ന് ഇസ്രായേല്‍ മാധ്യമമായ ‘ഹാരെറ്റ്സ്’ റിപ്പോര്‍ട്ട് ചെയ്തു. കാനഡയിലെ പ്രത്യേക സാമ്പത്തിക നടപടികള്‍(തീവ്രവാദ കുടിയേറ്റ അതിക്രമം) നിയമപ്രകാരമാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഫലസ്തീനികള്‍ക്കും അവരുടെ സ്വത്തുവകകള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് സാമ്പത്തികമായും കായികമായും കൂട്ടുനില്‍ക്കുകയും സഹായമൊരുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നാണ് ഉപരോധത്തിനു കാരണമായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.
അതേസമയം., ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിരോധ മന്ത്രിയും തീവ്ര ദേശീയ പാർട്ടിയായ ‘ഇസ്രായേൽ ബയ്തിനു’ നേതാവുമായ അവിഗ്ഡോർ ലിബർമാൻ. വടക്കൻ ഗസ്സയിലും തെക്കൻ ഗസ്സയിലും വിജയിക്കാൻ ഇസ്രായേലിനാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ പോലെ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും ഉത്തരവാദിത്തമുണ്ടെന്നും ലിബർമാൻ പറഞ്ഞു. യെദിയോത്ത് അഹ്റോനോത്ത് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഫയിലെ നമ്മുടെ സൈനികർ കടുത്ത അമർഷത്തിലാണ്. എന്താണ് വേണ്ടതെന്ന് അവർക്ക് മനസ്സിലാകുന്നില്ല. തോക്കിൻ മുനയിൽ അലയുന്ന താറാവുകളെപോലെയാണ് അവർക്ക് തോന്നുന്നത്. നമ്മൾ തോറ്റു. ഇസ്രായേലി പ്രതിരോധം വട്ടപ്പൂജ്യമാണ് -അദ്ദേഹം പറഞ്ഞു.