Kuwait

ഇത് നിയമ ലംഘകര്‍ക്കുളള അവസാന താക്കീത്; കുവൈറ്റിലെ പൊതുമാപ്പ് കാലാവധി ഏതാനും ദിവസങ്ങള്‍ കൂടി മാത്രം- The amnesty period in Kuwait is only a few more days

കുവൈറ്റ്: രാജ്യത്ത് അനധികൃതമായി കഴിയുന്ന പ്രവാസികള്‍ക്ക് കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ജൂണ്‍ 30-ന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊഴില്‍- വിസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവര്‍ക്കാണ് ഈ ഇളവ്. നേരത്തേ മൂന്ന് മാസത്തേക്കായിരുന്നു പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചിരുന്നത്. അതനുസരിച്ച് കാലാവധി ജൂണ്‍ 17ന് തീരേണ്ടതായിരുന്നു. എന്നാല്‍ അവസാന നിമിഷം ജൂണ്‍ 30ലേക്ക് മാറ്റുകയായിരുന്നു.

പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനായി ഉദ്യോഗസ്ഥര്‍ ഇന്നലെ പ്രത്യേക യോഗം ചേര്‍ന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ റമദാന്‍ പ്രമാണിച്ചാണ് മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെ ആഭ്യന്തര മന്ത്രാലയം പ്രവാസികള്‍ക്ക് പൊതുമാപ്പ് അനുവദിച്ചത്. അപേക്ഷകര്‍ ധാരാളം പേരുളളതിനാല്‍ പിന്നീടത് ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു. ഈ കാലയളവില്‍ പിഴയില്ലാതെ രാജ്യം വിടാനും പുതിയ വിസയില്‍ മടങ്ങിവരാനുള്ള സൗകര്യം നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് നല്‍കും. അല്ലെങ്കില്‍ നിശ്ചിത സംഖ്യ പിഴയടച്ച് അവരുടെ താമസം നിയമവിധേയമാക്കി മാറ്റി രാജ്യത്ത് തുടരാനും അവരെ അനുവദിച്ചിരുന്നു. എന്നാല്‍ ഈ അവസരം ഉപയോഗപ്പെടുത്താത്തവര്‍ക്കെതിരേയാണ് കര്‍ശന നടപടികളെടുക്കുന്നത്.

എല്ലാ നിയമ ലംഘകര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര, പ്രതിരോധ മന്ത്രി ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മന്ത്രാലയത്തിന്റെ എക്‌സ് അക്കൗണ്ടില്‍ നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഒരു ലക്ഷത്തിലധികം അനധികൃത പ്രവാസികള്‍ രാജ്യത്ത് താമസിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എത്ര പ്രവാസികള്‍ പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്തിയെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

 

 

 

Latest News