UAE

അപരിചിതര്‍ നല്‍കുന്ന ഭക്ഷണം കുട്ടികള്‍ വാങ്ങി കഴിക്കുന്നുണ്ടോ?; പരീക്ഷണ പദ്ധതി സംഘടിപ്പിച്ച് ഷാര്‍ജ-social experiment conducted by sharjah

ഷാര്‍ജ: കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള പ്രത്യേക പരിപാടികളുമായി ഷാര്‍ജ ശിശുസംരക്ഷണ വകുപ്പ് (സി.എസ്.ഡി.). വേനലവധി അടുത്തെത്തിയതോടെയാണ് ഇത്തരത്തിലുളള പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അപരിചിതര്‍ നല്‍കുന്ന ഭക്ഷണം കുട്ടികള്‍ വാങ്ങി കഴിക്കുന്നുണ്ടോ എന്നറിയാന്‍ വേണ്ടിയുളള പരീക്ഷണമാണ് ആദ്യ ഘട്ടത്തില്‍ നടത്തിയത്.

ഇതിനായി പ്രത്യേക വാനില്‍ സൗജന്യമായി ഐസ്‌ക്രീം നല്‍കുന്ന പരീക്ഷണം സംഘടിപ്പിച്ചാണ് സുരക്ഷാസന്ദേശം പ്രചരിപ്പിച്ചത്. 97 ശതമാനം കുട്ടികളും അപരിചിതര്‍ നല്‍കുന്ന ഐസ്‌ക്രീം വാങ്ങി കഴിച്ചു. ഇത്തരം സംഭവങ്ങള്‍ കുട്ടികള്‍ക്ക് ആപത്തുണ്ടാക്കുമെന്ന് വകുപ്പ് മുന്നറിയിപ്പ് നല്‍കി. 37 പേരില്‍ ഒരാള്‍ മാത്രമാണ് ഐസ്‌ക്രീം സ്വീകരിക്കാന്‍ മടികാണിച്ചത്. ഷാര്‍ജ ഷീഷ പാര്‍ക്കിലായിരുന്നു ഈ പരീക്ഷണം സംഘടിപ്പിച്ചത്.

എല്ലാ അപരിചിതരെയും വിശ്വസിക്കാന്‍ കഴിയില്ലെന്ന് രക്ഷിതാക്കള്‍ കുട്ടികളെ പഠിപ്പിക്കണമെന്ന് ശിശു സംരക്ഷണവകുപ്പ് മേധാവി ഹനാദി അല്‍ യാഫെയ് പറഞ്ഞു. അപരിചിതരുമായി സുരക്ഷിതമായി ഇടപെടാന്‍ കുട്ടികളെ സജ്ജരാക്കണം. അല്ലാത്തപക്ഷം തട്ടിക്കൊണ്ടുപോകല്‍, ശാരീരിക ഉപദ്രവം, ദുരുപയോഗം തുടങ്ങി വലിയ ആപത്തുകള്‍ ഉണ്ടായേക്കാമെന്നും അധികൃതര്‍ അറിയിച്ചു. സ്വയം സുരക്ഷിതരായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. കുട്ടികളുടെ സുരക്ഷയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുമ്പോള്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ (800700) ബന്ധപ്പെടണമെന്നും അധികൃതര്‍ പറഞ്ഞു.