Kerala

വൻതോതിൽ നികുതിവെട്ടിപ്പ്: സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ ജിഎസ്ടി വകുപ്പിന്റെ പരിശോധന

കൊച്ചി: കേരളത്തിലെ ഹോട്ടലുകൾ വൻതോതിൽ നികുതിവെട്ടിപ്പു നടത്തുന്നതായുള്ള ജിഎസ്ടി ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി 42 കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ ഇന്നലെ ജിഎസ്ടി വകുപ്പ് പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ 60 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 6 മാസം ഹോട്ടലുകളിൽ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു പരിശോധന.

ചരക്കുസേവന നികുതി വകുപ്പ് ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായാണു പരിശോധന നടത്തിയത്. കോടികളുടെ നികുതി വെട്ടിപ്പു കണ്ടെത്തിയതായി ജിഎസ്ടി ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്തെ ആക്രി സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളിൽ 1000 കോടി രൂപയുടെ വെട്ടിപ്പു കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണു സമാനരീതിയിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ചും പരിശോധന.