കണവ/ കൂന്തൽ ഒരു കടൽ ഭക്ഷണമാണ്. കണവയിൽ കലോറി കുറവാണ്. ഇന്ന് ഇത് വെച്ച് ഉഗ്രൻ ടേസ്റ്റിൽ ഒരു റെസിപ്പി തയ്യാറാക്കിയാലോ? കണവയുടെ രുചിയും കുരുമുളക്, വെളുത്തുള്ളി, മറ്റ് മസാലകൾ എന്നിവയുടെ സുഗന്ധങ്ങളും കൊണ്ട് സമ്പുഷ്ടമായ ഒരു രുചികരമായ സ്ക്വിഡ് പെപ്പർ ഫ്രൈ.
ആവശ്യമായ ചേരുവകൾ
- കണവ – 250 ഗ്രാം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/4 ടീസ്പൂൺ
- പച്ചമുളക് – 3 എണ്ണം
- സവാള – 1 എണ്ണം (അരിഞ്ഞത്)
- കുരുമുളക് പൊടി – 3/4 ടീസ്പൂൺ
- ചുവന്ന മുളക് പൊടി – 1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- ഗരം മസാല – 1/4 ടീസ്പൂൺ
- നാരങ്ങ നീര് – 2 ടീസ്പൂൺ
- കറിവേപ്പില – കുറച്ച്
- മല്ലിയില – 2 ടീസ്പൂൺ
- വെളിച്ചെണ്ണ – 5 ടീസ്പൂൺ
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
കണവ വൃത്തിയാക്കി കഷണങ്ങളായി മുറിക്കുക. കണവയിൽ ആഴം കുറഞ്ഞ സ്ലിറ്റുകൾ ഉണ്ടാക്കുക, അങ്ങനെ അത് നന്നായി മാരിനേറ്റ് ചെയ്യപ്പെടും. ഒരു പാത്രത്തിൽ ചുവന്ന മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല പൊടി, 1/4 ടീസ്പൂൺ കുരുമുളക് പൊടി, നാരങ്ങ നീര്, 2 ടീസ്പൂൺ വെളിച്ചെണ്ണ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഈ മസാല ഉപയോഗിച്ച് കണവ മാരിനേറ്റ് ചെയ്ത് 30 മിനിറ്റ് മാറ്റി വയ്ക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിൽ മാരിനേറ്റ് ചെയ്ത മത്തി ചേർത്ത് 10 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക.
കണവ ഭാഗികമായി വേവിച്ചതിനു ശേഷം പച്ചമുളകും കറിവേപ്പിലയും ചെറുതായി അരിഞ്ഞ ഉള്ളിയും ചേർത്ത് ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക. അവസാനം കുരുമുളക് പൊടിയും അരിഞ്ഞ മല്ലിയിലയും ചേർത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്യുക. ടേസ്റ്റി സ്ക്വിഡ് പെപ്പർ ഫ്രൈ തയ്യാർ.