കാസർകോട്ട് റാണിപുരം കാണേണ്ട വിനോദസഞ്ചാരകേന്ദ്രം തന്നെയാണ്. എന്നാൽ അവിടെ പുത്തൻ പരിഷ്കാരങ്ങളുമായി എത്തിയിരിക്കുകയാണ് സർക്കാർ. പ്രവേശന ടിക്കറ്റ് ജൂലൈ ഒന്നു മുതൽ യുപിഐ ഇടപാടിലൂടെയാണ് നടത്തുന്നത്. ഇത് സംബന്ധിച്ച് വനംവകുപ്പിന് സർക്കാർ നിർദ്ദേശം നൽകി കഴിഞ്ഞു. എന്നാൽ ഇവിടെ മൊബൈൽ ഫോൺ കവറേജ് ഇല്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അങ്ങനെ ഒരിടത്ത് ഇത് സാധ്യമാകുമോ എന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ വരവുചെലവ് കണക്കുകള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് കൗണ്ടറിന്റെ പ്രവര്‍ത്തനം യു.പി.ഐ. ഇടപാടിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചതെന്നാണ് വിവരം. എന്നാല്‍ റാണിപുരത്തിന്റെ സാഹചര്യം കണക്കിലെടുത്ത് സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെ നിലവിലെ സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് മേലധികാരികള്‍ക്ക് കത്ത് നല്‍കിയതായി പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി. സേസപ്പ അറിയിച്ചു.
നിലവില്‍ യു.പി.ഐ. ഇടപാടിനായി കൗണ്ടറില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ജീവനക്കാരുടെ വൈഫൈ പാസ്വേഡ് നല്‍കുകയാണ് ചെയ്യുന്നത്. കൂടുതല്‍ സഞ്ചാരികള്‍ ഇത്തരത്തിലെത്തുന്നത് ജീവനക്കാര്‍ക്കും ദുരിതമാകുന്നുണ്ട്.
എല്ലാ ജീവനക്കാര്‍ക്കും യു.പി.ഐ. ഇടപാടിനെക്കുറിച്ച് ധാരണയില്ലാത്തതും പ്രശ്നമാണ്. ടിക്കറ്റ് കൗണ്ടര്‍ പരിസരത്ത് പൊതുവായ ഇന്റര്‍നെറ്റ്-വൈഫൈ സൗകര്യം ഉണ്ടെങ്കില്‍ സഞ്ചാരികള്‍ക്കും ഗുണകരമാകും. നിലവില്‍ വാഹനം നിര്‍ത്തിയിടാന്‍ വനസംരക്ഷണ സമിതിയാണ് സൗകര്യമൊരുക്കുന്നത്. അതിനുള്ള തുകയും വനത്തിനകത്തേക്ക് പ്ലാസ്റ്റിക് കൊണ്ടുപോകുന്നത് നിയന്ത്രിക്കാന്‍ സഞ്ചാരികള്‍ക്ക് തിരിച്ചുനല്‍കുംവിധം വാങ്ങിവയ്ക്കുന്ന തുകയും വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടര്‍ വഴിയാണ് ശേഖരിക്കുന്നത്.