Kerala

എന്നു തീരും ഈ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിന്റെ നവീകരണം; പോലീസ് കണ്‍ട്രോള്‍ റൂമിനും, ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്കിനുമായി എത്ര തുകയാണ് ചെലവഴിക്കുന്നതെന്ന് അറിയുമോ?

പണിതിട്ടും പണിതിട്ടും പണി തീരാത്ത രമ്യ ഹര്‍മ്യമായി മാറിയോ ഈ ക്ലിഫ് ഹൗസ്. അതേ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനെക്കുറിച്ചു തന്നെയാണ് ഇക്കാര്യം പറയുന്നത്. ക്ലിഫ് ഹൗസ് എന്ന് കേട്ടാല്‍ ഇപ്പോള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് നവീകരണ വിഷയം തന്നെയാണ്. കാലിത്തൊഴുത്ത്, പൊലീസുകാര്‍ക്കുള്ള കാര്‍ട്ടേഴ്‌സ്, ഉദ്യാനം, നടപ്പാത, കര്‍ട്ടന്‍ പിന്നെ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള ക്ലിഫ് ഹൗസ് മന്ദിരത്തിന്റെ നവീകരണം. അങ്ങനെ ക്ലിഫ് ഹൗസിനെ എന്നും സജീവമായി നിറുത്തുന്നതില്‍ നവീകരണം എന്ന വാക്ക് വഹിക്കുന്ന പങ്ക് വലുതാണ്.

ദാ വീണ്ടും വരുന്നു മറ്റൊരു നവീകരണം, ക്ലിഫ് ഹൗസിലെ പോലിസ് കണ്‍ട്രോള്‍ റൂം നവീകരിക്കാന്‍ പദ്ധതിയിടുന്നതായി വാര്‍ത്ത. അതു 16.31 ലക്ഷത്തിന് നടത്തുന്നത് മന്ത്രി മുഹമ്മദ് റിയാസിന്റെ വകുപ്പായ പൊതുമരാമത്തും. വെറും ഒരു പോലീസ് കണ്‍ട്രോള്‍ റൂം നവീകരിക്കാന്‍ ഇത്രയും തുക വേണമോ? അതും നാല് ലൈഫ് മിഷന്‍ വീടുകള്‍ക്ക് നല്‍കുന്ന തുകയ്ക്കു സമാനമായി. ഇതിനു പുറമെ ക്ലിഫ് ഹൗസിലെ ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്ക് (LAN) സിസ്റ്റത്തിനായും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഇതിന്റെ ടെന്‍ഡര്‍ തുക കേട്ടാലും ഞെട്ടല്‍ ഉണ്ടാകും 5.08 ലക്ഷം രൂപയാണ് LAN സംവിധാനങ്ങള്‍ക്കായി ടെന്‍ഡറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന തുക. പോലിസ് കണ്‍ട്രോള്‍ റൂം നവീകരിക്കാന്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ രണ്ടാം തീയതിയാണ്. ഈ മാസം 29 ന് അതായത് നാളെയാണ് LAN നവീകരണത്തിനായിട്ടുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.

 

ക്ലിഫ് ഹൗസ് നവീകരിക്കാന്‍ ഒരുവര്‍ഷം 2.19 കോടി രൂപ പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ 2021 ല്‍ മാത്രം നടന്നത് 2.19 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളായിരുന്നു. കര്‍ട്ടന്‍ 7 ലക്ഷം, ജനറേറ്റര്‍ 6 ലക്ഷം, നടപ്പാത 13.62 ലക്ഷം, കാലി തൊഴുത്ത് 42.50 ലക്ഷം. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് വേണ്ടി ഖജനാവില്‍ നിന്ന് ചെലവിടുന്നത് കോടികളാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നീങ്ങുന്ന ഈ കാലഘട്ടത്തില്‍ ക്ലിഫ് ഹൗസിനു വേണ്ടി മാത്രം ലക്ഷങ്ങളും കോടികളും വര്‍ഷങ്ങളോളം ചെലവഴിക്കുന്നത് വന്‍ വിവാദമാകാറുണ്ട്. വര്‍ഷം തോറും നടക്കാറുള്ള അറ്റകുറ്റപണികള്‍ മാത്രമാണ് ഇതെന്ന് പൊതുമരാമത്ത് വകുപ്പ് പറയുമ്പോഴും സത്യത്തില്‍ ഇതെല്ലാം വിവാദത്തിലേക്ക് കയറുകയാണ്.

 

2021 ലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍;
ടോയി ലൈറ്റിന് 3.79 ലക്ഷം, സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 39.54 ലക്ഷം, ടാറിംഗ് 1.55 ലക്ഷം, സിസിടിവി 15.89 ലക്ഷം, മണ്‍സൂണിന് മുന്‍പു നടത്തിയ പ്രവൃത്തിക്ക് 1.69 ലക്ഷം, ഡീസല്‍ ജനറേറ്റര്‍ 6 ലക്ഷം, 72.46 ലക്ഷത്തിന് ബാരക്ക്, മരത്തിന്റെ ചില്ല മുറിച്ചത് 1.77 ലക്ഷം, ഗാര്‍ഡ് റൂമില്‍ കബോര്‍ഡിന് 1.39 ലക്ഷം, ഇന്റീരിയര്‍ വര്‍ക്ക് 3.50 ലക്ഷം, നടപ്പാത 13.62 ലക്ഷം, കാലി തൊഴുത്ത് 42.50 ലക്ഷം, കര്‍ട്ടന്‍ 7 ലക്ഷം, പെയിന്റിംഗ് 10.70 ലക്ഷം എന്നിങ്ങനെയാണ് ക്ലിഫ് ഹൗസില്‍ 2021 ല്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

അറ്റകുറ്റപണി നടത്തിയിട്ട് കാര്യമില്ല; വിദഗദ്ധ സമിതി

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഇനി അറ്റകുറ്റപ്പണി കൊണ്ട് കാര്യമില്ലെന്ന വിദഗ്ധസമിതി ഈ വര്‍ഷം ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാലപ്പഴക്കം കൊണ്ട് ദുര്‍ബലാവസ്ഥയിലായ കെട്ടിടം നവീകരിക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ ആദ്യം പരിഗണിച്ചത്. എന്നാല്‍, 81 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ ഇനി അറ്റകുറ്റപ്പണി നടത്തുന്നതുകൊണ്ട് കാര്യമില്ലെന്ന നിലപാടിലാണ് വിദഗ്ധ സമിതി ഉന്നയിച്ചത്. വെള്ളം -വൈദ്യുതി കണക്ഷനുകള്‍ തടസപ്പെടുന്നതും താത്കാലികമായ അറ്റകുറ്റപ്പണി നടത്തുന്നതും പതിവാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ ക്ലിഫ് ഹൗസ് പൊളിച്ചുപണിയാന്‍ ശുപാര്‍ശയുണ്ടായിരുന്നു. രാജകീയ പ്രൗഢിയുണ്ടെങ്കിലും ഇത്ര പഴക്കമുള്ള കെട്ടിടത്തില്‍ മുഖ്യമന്ത്രിമാര്‍ താമസിക്കുന്നത് സുരക്ഷിതമല്ല. കൂടുതല്‍ മോശമായ കെട്ടിടങ്ങളുടെ കാര്യത്തില്‍ നടത്താറുള്ള പീരിയോഡിക് ഇന്‍സ്‌പെക്ഷനിലാണ് ഇത്തവണ വിശദമായി പരിശോധിച്ച് പൊളിച്ച് പണിയുകയാണ് പോംവഴി എന്ന നിഗമനത്തില്‍ വിദഗ്ധ സമിതി എത്തി ചേര്‍ന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിക്കിടെ ക്ലിഫ് ഹൗസ് പൊളിച്ചുപണിയുന്നത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുമെന്നതിനാല്‍ സര്‍ക്കാര്‍ ആ നീക്കം താത്ക്കാലികമായി ഉപേക്ഷിച്ചു.