മുരുകൻ മലയെ കുറിച്ച് കേട്ടിട്ടുണ്ടോ? അതെ ഇടുക്കി ജില്ലയിലെ മറയൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മുരുകൻ മല. മുരുകൻ മലയിലേക്ക് വാഹനങ്ങൾ കയറ്റുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് മറയൂർ പോലീസ്. അതുകൊണ്ടുതന്നെ മുരുകൻ മലയിലേക്ക് യാത്ര പോകുന്നവർ ശ്രദ്ധിച്ചുവേണം പോകാൻ.
ജില്ലാ കളക്ടർ മൂന്നുമാസം മുൻപിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഈ ബോർഡ് സ്ഥാപിച്ചത്. പലരും അപകടകരമായ രീതിയിലാണ് മലയ്ക്കു മുകളിലേക്ക് ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ പോകുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്കും മോട്ടോർ വാഹന വകുപ്പിനും പോലീസിനും പരാതികൾ ലഭിക്കുന്നുണ്ടായിരുന്നു. ഇതോടെ മുരുകൻ മലയ്ക്ക് മുകളിലേക്ക് ജീപ്പുകൾ കയറ്റരുത് എന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ് ജില്ലാ കളക്ടർ.
മറയൂര്‍ പഞ്ചായത്തില്‍ മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ പട്ടം കോളനിക്ക് മുകളിലാണ് ഈ വലിയമല ഉള്ളത്. നേരത്തെ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍നിന്നു ട്രെക്കിങ് നടത്തുന്ന ജീപ്പുകള്‍ ഇതിന്റെ മുകളിലേക്ക് എത്തിയിരുന്നു. ഈ മലമുകളില്‍നിന്നുമുള്ള ഉദയാസ്തമയ കാഴ്ചകള്‍ കാണാനാണ് സഞ്ചാരികളെത്തിയിരുന്നത്. അന്‍പതിലധികം മുനിയറകള്‍ ഈ മലമുകളിലുണ്ട്.
തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ അപകടസാധ്യത മുന്നില്‍ക്കണ്ടുകൊണ്ടാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് മറയൂര്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ജിജു പറഞ്ഞു. അനിയന്ത്രിതമായി ജീപ്പുകളും ഓട്ടോറിക്ഷകളും മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ ഓടുന്നതിനെതിരേയും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരാഴ്ച മുന്‍പ് രണ്ടു ജീപ്പുകള്‍ മറിഞ്ഞ് മറയൂര്‍ ടൗണിലെ നാഗമണികണ്ഠന്‍ (24) എന്ന ഡ്രൈവര്‍ മരിച്ചു. അമിത വേഗത്തിനെതിരേ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുരുകന്‍മലയിലേക്കുള്ള വാഹനഗതാഗതം നിരോധിച്ചത്.