ഇമ്മക്കൊന്ന് കുരിശുപാറ പോയാലോ.?അങ്ങ് ലടാക്കിലോട്ടും മണാലിയിലേക്കും ഉള്ള ദൂരമൊന്നും അകമ്പാടത്തേക്ക് ഇല്ലല്ലോ… ഇവിടെ അടുത്തല്ലേ.. ന്നാ വാ പോയേച്ചും വരാം..വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോൾ മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ‘ഓം കുരിശുപാറ’. പുലർവേളകളിലെയും വൈകുന്നേരങ്ങളിലെയും കാഴ്ച കാണാൻ ഇവിടേയ്ക്ക് നിരവധി സഞ്ചാരികളാണ് എത്തുന്നത്. മലയുടെ നാലുഭാഗവും പച്ചപ്പരവതാനി വിരിച്ച പോലെയുള്ള വനമേഖലയാണ്. മലമുകളിലേക്കുള്ള വഴി വളരെ കുത്തനെയുള്ളതാണ്. അതിനാൽ യാത്ര ഏറെ സാഹസികത നിറഞ്ഞതുമാണ്. അശ്രദ്ധയോടെയുള്ള മലകയറ്റം അപകടത്തിന് ഇടയാക്കും. സന്ദർശകരുടെ സുരക്ഷ മുൻനിർത്തി പിടിച്ചുകയറാനായി പാറയിൽ ചങ്ങല ഘടിപ്പിച്ചിട്ടുണ്ട്. 50 വർഷങ്ങൾക്കു മുൻപാണ് പാറയിൽ കുരിശ് സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. പിന്നീട് ഇവിടെ ഒരു ഓം കൂടി സ്ഥാപിച്ചു. അങ്ങനെ, നാട്ടുകാരാണ് ചാലിയാർ പഞ്ചായത്തിലെ ഈ മലയ്ക്ക് ‘ഓം കുരിശുപാറ’ എന്ന പേര് നൽകിയത്. മഴക്കാലങ്ങളിലാണ് മലമുകളിൽനിന്ന് പ്രകൃതിയുടെ ഏറ്റവും മനോഹരമായ കാഴ്ചകൾ നുകരാൻ സാധിക്കുകയെന്ന് പ്രദേശവാസികൾ പറയുന്നു. കൂടാതെ, പ്രഭാതങ്ങളിലെയും വൈകുന്നേരങ്ങളിലെയും കോടമഞ്ഞും.
ഇച്ചിരി വലിഞ്ഞും കിതച്ചും വിയർത്തും മുകളിലെത്തിയാലെന്താ, വീശിയടിക്കുന്ന കാറ്റോന്ന് തഴുകിപോയാൽ മതി വീണ്ടുമൊന്ന് ഊർജപ്പെടാൻ. പിന്നീടുള്ള കാഴചകളും കൂടെകൂടെയുള്ള കാറ്റും നമ്മളെ പിടിച്ചിരുത്തിപോവും അവിടെ. ചുറ്റിനും തലയിടുപ്പോടെ മത്സരിച്ചുനിൽക്കുന്ന മലനിരകൾ കണ്ണെത്താ ദൂരം വരെ കാണാം.കുഞ്ഞു മണൽക്കൂനകളാൽ കാൽച്ചുവട്ടിലെന്നോണം.ചിലത് ഉയരക്കൂടുതൽ കൊണ്ട് പുറകിലെ കാഴ്ചകളും മറക്കുന്നു.
നേരം സന്ധ്യയായി തുടങ്ങുമ്പോൾ സൂര്യൻ മലനിരകളിൽ താഴിന്നിറങ്ങുന്നത് കാണാം. അകലെ അകലെ ചുവന്നു തുടുത്ത ചക്രവാളം. മേഘങ്ങളുടെ തണുപ്പിറങ്ങി പൊതിഞ്ഞുതുടങ്ങുന്ന മലനിരകളും. പിന്നെ താരക പൊട്ടുപോലെ അവിടെയാകെ തെളിഞ്ഞുനിൽക്കുന്ന വിളക്കുകളും.ദൂരെയെങ്കിലും അരികിലെങ്കിലും കാഴ്ചകളെ നമ്മൾ തേടിപ്പോവുകയല്ലാതെ മറ്റെന്താണ്..!