ഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകർന്ന് ഒരു മരണം. 8 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. കനത്ത മഴയില്‍ ടെർമിനല്‍ ടെർമിനൽ-1 ൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് കാറുകൾക്ക് മുകളിൽ വീഴുകയായിരുന്നു.മരിച്ചത് ടാക്സി ഡ്രൈവറാണെന്നു വിമാനത്താവള അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് ടെർമിനല്‍ ഒന്നില്‍ നിന്നുള്ള എല്ലാ സർവ്വീസുകളും താല്‍ക്കാലികമായി നിർത്തിവെച്ചു. സുരക്ഷാ നടപടിയെന്ന നിലയിൽ ചെക്ക്-ഇൻ കൗണ്ടറുകൾ അടച്ചതായും ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു. കാറുകള്‍ ഉൾപ്പെടെ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിലെ ടെർമിനലിൻ്റെ പിക്കപ്പ് ആൻഡ് ഡ്രോപ്പ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കാണ് അപകടത്തില്‍ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. റൂഫ് ഷീറ്റും സപ്പോർട്ട് ബീമുകളും വാഹനങ്ങള്‍ക്ക് മുകളില്‍ പതിക്കുകയായിരുന്നു.ഇരുമ്പ് ബീം വീണ് തകർന്ന കാർ ഡ്രൈവർ ഉള്‍പ്പെടേയുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അപകടത്തിൽപ്പെട്ട വാഹനങ്ങളിൽ മറ്റാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തിരച്ചിൽ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന സംഭവം താൻ വ്യക്തിപരമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ജരാപു പറഞ്ഞു. “ഫസ്റ്റ് റസ്പോണ്‍സ് ടീം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ടെർമിനല്‍ 1 ലെ എല്ലാ യാത്രക്കാരെയും സഹായിക്കാൻ എയർലൈനുകളോട് നിർദേശിച്ചിട്ടുണ്ട് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്,” മന്ത്രി എക്സില്‍ കുറിച്ചു.