തിരുവനന്തപുരം: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കി മാറ്റി സംസ്ഥാന സർക്കാർ. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റില്ലെന്ന നിലപാടിൽ നിന്നാണ് സർക്കാർ പിന്നാക്കം പോയത്.
ജനകീയ ആരോഗ്യ കേന്ദ്രം, ഫാമിലി ഹെൽത്ത് സെൻറർ, അർബൻ ഫാമിലി ഹെൽത്ത് സെൻറർ, പ്രാഥമിക ആരോഗ്യ കേന്ദ്രം, എന്നിവയുടെ പേരാണ് ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന് മാറ്റുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ബോർഡ് വെക്കും. ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന പേരിനൊപ്പം ആരോഗ്യം പരമം ധനം എന്ന ടാഗ് ലൈനും ഉൾപ്പെടുത്തണം.
പേര് മാറ്റം കേരളത്തിന്റെ സംസ്കാരത്തിന് ചേരില്ലെന്നായിരുന്നു സർക്കാരിന്റെ മുൻനിലപാട്. അതിനാൽ എന്തു സംഭവിച്ചാലും പേര് മാറ്റില്ലെന്നായിരുന്നു നവകേരള സദസ്സിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രഖ്യാപനം. പേരു മാറ്റാതെ കേന്ദ്രഫണ്ട് ലഭിക്കില്ലെന്ന് വന്നതോടെയാണ് കേരളം നിലപാട് മാറ്റിയത്. കോ ബ്രാൻഡിംഗ് ആയാണ് പേരു മാറ്റം എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.