തൃശ്ശൂർ: കരുവന്നൂർ കളളപ്പണക്കേസിൽ ഇഡിയുടെ നിര്‍ണായക നടപടി. സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ പേരിലുളള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിന്റെ സ്ഥലവും സിപിഎമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമാണ് ഇഡി കണ്ടുകെട്ടിയത്. സിപിഎമ്മിനെക്കൂടി പ്രതി ചേർത്താണ് ഇഡി അന്വേഷണ സംഘം സ്വത്തുക്കൾ കണ്ടുകെട്ടിയത്.
കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ട് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അതോടൊപ്പം തൃശ്ശൂരിലെ മറ്റു ചില ബാങ്കുകളിലും അക്കൗണ്ടുകളുണ്ട് എന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ആര്‍ബിഐക്കും ഇഡി നേരത്തെ കൈമാറിയിട്ടുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഏറ്റവും വലിയ ബാങ്ക് കൊള്ളയാണെന്ന് ഇഡി ഹൈക്കോടതിയിൽ നേരത്തെ പറഞ്ഞിരുന്നു. രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പാണെന്നും ഇഡി പറഞ്ഞിരുന്നു. ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു കിട്ടാൻ ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലായിരുന്നു വിശദീകരണം.
2012 മുതൽ 2019 വരെ ഒട്ടേറെ പേർക്ക് ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചിരുന്നു. 51 പേർക്ക് 24.56 കോടി രൂപ നിയമ വിരുദ്ധമായി വായ്പ അനുവദിച്ചു. പലിശയടക്കം 48 കോടി രൂപയായി ഇപ്പോഴിത് വർധിച്ചുവെന്നും ഇഡി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.