ന്യൂഡൽഹി: ഡൽഹിയിൽ പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഡൽഹി നരേല മേഖലയിലാണ് ഞെട്ടിക്കുന്ന ദാരുണസംഭവം നടന്നത്.
കേസിൽ രാഹുൽ(20), ദേവ്ദത്ത്(30) എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഐപിസി 363 (തട്ടിക്കൊണ്ടുപോവൽ), 302 (കൊലപാതകം), 376 ഡി (കൂട്ടബലാത്സംഗം) എന്നിവയും പോക്സോയിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തല തകർത്ത നിലയിലായിരുന്നു.
അയൽവാസിയായ രാഹുൽ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് നാട്ടുകാർ കണ്ടിരുന്നു. പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിനെയും സുഹൃത്ത് ദേവ്ദത്തിനെയും പിടികൂടുകയായിരുന്നെന്ന് ഡിസിപി പറഞ്ഞു.
അടുത്തുള്ള ഭക്ഷണശാലയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതികൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് കുറ്റകൃത്യം ചെയ്യുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.