പെരുമ്പടപ്പു സ്വരൂപം, മാടരാജ്യം, ഗോശ്രീ രാജ്യം, കുരുസ്വരൂപം എന്നൊക്കെ അറിയപ്പെട്ടിരുന്ന കൊച്ചി രാജ്യം ഇന്നത്തെ കൊച്ചി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു. കേരളത്തിന്റെ സാമൂഹികചരിത്രത്തില്‍ സുപ്രധാനമായ ഒരേടാണ് പെരുമ്പടപ്പ് സ്വരൂപം. ഒരുകാലത്ത് കൊച്ചി രാജാക്കൻമാർ വാണിരുന്ന ഇടമാണ് മലപ്പുറം ജില്ലയിലെ വന്നേരി. ഇവിടെയാണ് ”വന്നേരി ചിത്രകൂടം” സ്ഥിതി ചെയ്തിരുന്നതെന്നു കരുതപ്പെടുന്നു. രാജകൊട്ടാരത്തിന്റെ അന്ത:പുരത്തില്‍ സ്ഥിതിചെയ്തിരുന്നതെന്നു കരുതുന്ന വലിയൊരു കിണറാണ് വര്‍ഷങ്ങളായി മാലിന്യം നിറഞ്ഞു മൂടപ്പെട്ടത്. അവിടേയ്ക്കായാണ് ഏഴു വര്‍ഷം മുമ്പ് കേരളാ പുരാവസ്തു വകുപ്പിലെ സീനിയര്‍ ആര്‍ക്കിയോളജിസ്റ്റും കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയത്തിന്റെ ഇപ്പോഴത്തെ മേധാവിയുമായ കെ. കൃഷ്ണരാജിന്റെ ശ്രദ്ധ ചെന്നെത്തിയത്. കാടുകയറി മണ്ണും മാലിന്യങ്ങളും നിറഞ്ഞ കിണറിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് പുരാവസ്തു വകുപ്പിന്റെ അനുമതിയോടെ അതിന്റെ പുനരുദ്ധാരണത്തിനായി ഇറങ്ങിപ്പുറപ്പെടുകയായിരുന്നു കൃഷ്ണരാജ്. തമിഴ്‌നാട്ടില്‍ നിന്നും വിദഗ്ദ്ധരായ തൊഴിലാളികളെ വരുത്തി മണ്ണും മാലിന്യക്കൂമ്പാരവും മാറ്റി കിണറിന്റെ ആഴവും നെല്ലിപ്പലകയും കാണാന്‍ രണ്ടുവര്‍ഷമെടുത്തു. പിന്നീട് കോഴിക്കോട്, എടപ്പാള്‍ മേഖലയില്‍ നിന്നുള്ള പ്രായവും വൈദഗ്ദ്ധ്യവുമുള്ള പരമ്പരാഗത കല്പണിക്കാരെ കണ്ടെത്തി കിണറിന്റെ യഥാര്‍ത്ഥ രൂപം വീണ്ടെടുത്തു. ഭൂനിരപ്പില്‍ നിന്നും നാലു മീറ്റര്‍ ആഴത്തിലേയ്ക്ക് എത്തിയപ്പോള്‍ കിണറിന്റെ ഘടനയും നിര്‍മ്മാണ രീതിയും വ്യക്തമായിരുന്നു. 50 സെന്റി മീറ്റര്‍ നീളവും 50 സെന്റി മീറ്റര്‍ വീതിയും 10-12 സെന്റി മീറ്റര്‍ കനവുമുള്ള ചെങ്കല്ലാണ് കിണര്‍ പടുത്തുയര്‍ത്താന്‍ഉപയോഗിച്ചിരിക്കുന്ന ത്. ഇത്തരം ചെങ്കല്ലുകള്‍ കേരളത്തില്‍ ലഭ്യമല്ലാത്തവയാണ്. കുമ്മായമോ മറ്റേതെങ്കിലും ചാന്തോ ഉപയോഗിയ്ക്കാതെയുള്ള അപൂര്‍വ്വ നിര്‍മ്മിതി. ഉത്ഖനനം ഏഴു മീറ്റര്‍ ആഴത്തിലെത്തിയപ്പോള്‍ നീര്‍പ്പറ്റുള്ള മണ്ണു കണ്ടു തുടങ്ങിയിരുന്നു. ഏഴുവര്‍ഷം നീണ്ടുനിന്ന ഈ ഭഗീരഥ പ്രയത്നത്തിനായി 5 ലക്ഷം രൂപയോളം പുരാവസ്തുവകുപ്പ് ചെലവഴിച്ചു. ഇപ്പോള്‍ ഇവിടം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ചേരമാന്‍ പെരുമാക്കളുടെ മരുമക്കളായ അഞ്ച് പേരില്‍ ഇളയ പെൺകുട്ടിയ്ക്കല്ലാതെ മറ്റു നാലുപേര്‍ക്കും ആൺമക്കളുണ്ടായിരുന്നില്ല. അഞ്ചു തായ് വഴികളിലൂടെ വളര്‍ന്നു വികസിച്ചതായിരുന്നു പെരുമ്പടപ്പ് സ്വരൂപം. അയിരൂര്‍ കോവിലകം, ചേരിയത്ത് ചേന്നമംഗലത്ത് മന, കൊച്ചി രാജാക്കന്മാരുടെ ആസ്ഥാന അമ്പലമായ കൊയപ്പുള്ളി ക്ഷേത്രം, കോഴിക്കോട് സാമൂതിരി കോവിലകം വകയായ പാലപ്പെട്ടി ക്ഷേത്രം എന്നിവയെല്ലാം രാജഭരണകാലവുമായും, രാജപരമ്പരകളുമായും ബന്ധപ്പെട്ട ചരിത്രശേഷിപ്പുകളാണ്.
പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സാമൂതിരിയുടെ ആക്രമണത്തെത്തുടര്‍ന്ന് പെരുമ്പടപ്പ് സ്വരൂപികള്‍ വന്നേരി ഉപേക്ഷിക്കുകയും മഹോദയപുരം തലസ്ഥാനമാകുകയും ചെയ്തു എന്ന് ചരിത്രം. അവിടെ നിന്നാണ് പിന്നീട് കൊച്ചിയിലേയ്ക്ക് ആസ്ഥാനം മാറ്റുന്നത്. മഹോദയപുരത്തേയ്ക്കു മാറിയെങ്കിലും കൊച്ചിരാജാക്കന്മാരുടെ കിരീടധാരണച്ചടങ്ങ് നടന്നിരുന്നത് വന്നേരി ചിത്രകൂടത്തിൽ വച്ചു തന്നെയായിരുന്നു.