ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജാർഖണ്ഡിലെ ഹസാരിബാഗിലെ ഒരു സ്കൂളിലെ പ്രിൻസിപ്പലിനേയും വൈസ് പ്രിൻസിപ്പലിനേയും സിബിഐ അറസ്റ്റ് ചെയ്തു. ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ എഹ്സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിസാസ് ആലം എന്നിവരാണ് അറസ്റ്റിലായത്.
ഹസാരി ബാഗിലെ സ്കൂളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്കൂൾ പ്രിൻസിപ്പളിനെയും പരീക്ഷാ സെന്റർ സൂപ്രണ്ടിനെയും സി ബി ഐ അറസ്റ്റ് ചെയ്തത്. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്നലെ പാറ്റ്നയിൽ നിന്ന് മനീഷ് പ്രകാശ്, അശുതോഷ് എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
മേയ് അഞ്ചിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഹസാരിബാഗിന്റെ സിറ്റി കോർഡിനേറ്ററായിരുന്നു എഹ്സനുൽ ഹഖ്. ഇംതിയാസ് ആലം എൻടിഎ നിരീക്ഷകനായും ഒയാസിസ് സ്കൂളിലെ സെന്റർ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു.
ചോദ്യപേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് ജില്ലയിൽ നിന്നുള്ള അഞ്ച് പേരെ കൂടി സിബിഐ ചോദ്യം ചെയ്യുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ഒയാസിസ് സ്കൂളിൽനിന്നുമാണ് ചോദ്യ പേപ്പർ മുഖ്യപ്രതി സഞ്ജീവിന് ലഭിച്ചതെന്നാണ് സൂചന. അതേസമയം പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിൽ ചർച്ച അനുവദിക്കാത്തതിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. സഭയിൽ ചർച്ച അനുവദിക്കാത്തത് ദൗർഭാഗ്യകരമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് നീറ്റ് വിഷയമെന്നടക്കം ചൂണ്ടികാട്ടി വീഡിയോ സന്ദേശവുമായാണ് രാഹുൽ രംഗത്തെത്തിയത്. താൻ പാർലമെന്റിൽ വിഷയം ഉയർത്താൻ ശ്രമിച്ചു. പക്ഷേ തന്നെ അതിന് കേന്ദ്ര സർക്കാർ അനുവദിച്ചില്ല. നീറ്റ് ഒരു ദുരന്തമായി മാറിക്കഴിഞ്ഞു. ചോദ്യപേപ്പർ ചോർന്നെന്ന് വ്യക്തമാണെന്നും ഇതിലൂടെ ചിലർ കോടികളുണ്ടാക്കിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇനിയും ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നും നീറ്റ് വിഷയത്തിൽ വ്യക്തത ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും രാഹുൽ പറഞ്ഞു. വിദ്യാർഥികൾക്ക് അർഹിക്കുന്ന ബഹുമാനം നൽകാൻ പ്രധാനമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.