India

പെട്രോൾ, ഡീസൽ വില കുറയും, സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ; വൻ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്ര ബജറ്റ്

മുംബയ്: സംസ്ഥാനത്തെ ഡീസലിന്റെയും പെട്രോളിന്റെയും നിരക്ക് കുറയ്ക്കാൻ ഉത്തരവിട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. 2024-24ലെ സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം പുതിയ പ്രഖ്യാപനം നടത്തിയത്. ഡീസലിന്റെ നികുതി 24 ശതമാനത്തിൽ നിന്ന് 21 ശതമാനമാക്കി കുറയ്ക്കുമെന്നും പെട്രോളിന്റെ നികുതി 26 ശതമാനത്തിൽ നിന്നും 25 ശതമാനമാക്കി കുറയ്ക്കുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.

പെട്രോളിന് ലിറ്ററിന് 65 പൈസയുടെയും ഡീസലിന് 2.60 രൂപയുടെയും കുറവാണ് വരുന്നത്. സംസ്ഥാനത്തിന് 200 കോടിയുടെ അധിക ബാധ്യത ഇതിലൂടെ വരുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ മന്ത്രി അറിയിച്ചത്. ഇന്ന് ഒരു ലി​റ്റർ പെട്രോളിന്റെ വില 104.21 രൂപയും ഡീസലിന്റെ വില 92.15 രൂപയുമാണ്.

ബഡ്ജ​റ്റിൽ സംസ്ഥാനത്തെ 21 വയസുമുതൽ 60 വയസുവരെയുളള യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപയുടെ സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ മജ്ഹി ലഡ്കി ബഹിൻ യോജന പദ്ധതി നടപ്പിലാക്കുമെന്നും പദ്ധതിക്കായി 46,000 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അന്നപൂർണ യോജന പദ്ധതി പ്രകാരം അഞ്ച് പേരടങ്ങുന്ന അർഹരായ കുടുംബത്തിന് എല്ലാ വർഷവും മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി ലഭ്യമാക്കുന്ന മ​റ്റൊരു പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

തൊഴിൽ രഹിതരായ യുവാക്കൾക്കായി പ്രഖ്യാപിച്ച പദ്ധതിയിൽ 10,000 രൂപ പ്രതിമാസ സ്റ്റൈപെൻഡ് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്റേൺഷിപ്പ് പരിശീലനങ്ങളിൽ ഏർപ്പെടുന്ന 10 ലക്ഷം യുവാക്കൾക്ക് ഇത് ലഭ്യമാവും.

45 ലക്ഷത്തിലധികം കർഷകരുടെ ജലസേചന മോട്ടോർ പമ്പുകളുടെ വൈദ്യുതി ബിൽ ഒഴിവാക്കും. പരുത്തി, സോയാബീൻ കർഷകർക്ക് ഹെക്ടറിന് 5000 രൂപ വീതം ഖാരിഫ് സീസണിൽ സഹായം നൽകും. പരമാവധി രണ്ട് ഹെക്ടറിനാണ് ഇങ്ങനെ സഹായം ലഭിക്കുന്നത്. ഉള്ളി കർഷകർക്ക് 2023-24 കാലഘട്ടത്തിൽ ക്വിന്റലിന് 350 രൂപ വീതം സബ്സിസിഡി നൽകാൻ 851.66 കോടി രൂപ നീക്കിവെയ്ക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന പഠിക്കുന്ന ഒ.ബി.സി പിന്നോക്ക വിഭാഗങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ ഫീസ് പൂർണമായും സർക്കാർ നൽകുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. ആരോഗ്യ ഇൻഷുറൻസ് പദ്ധതതിയുടെ കവറേജ് ഒന്നര ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തുകയും ചെയ്തു.