തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊലപാതകത്തിനായി പ്രതി അമ്പിളി സർജിക്കൽ ബ്ലേഡ് വാങ്ങിയ കടയുടെ ഉടമ സുനിലിന്‍റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള സുനിലിനെ കണ്ടെത്താനും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിന് സുനിലിന്‍റെ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു.
സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തിയത്.
പാറശാലക്ക് പുറമെ നെയ്യാറ്റിന്‍കരയിലും ഇവരുടെ സ്ഥാപനം ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്നു. ഇരു സ്ഥാപനങ്ങള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍ അനധികൃതമായി വില്‍പന നടത്തിയതിനാണ് കേസ്. തിരുവനന്തപുരം അസിസ്റ്റന്റ് ഡ്രഗസ് കണ്‍ട്രോള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍മാരായ എസ്. അജി, മൈമൂണ്‍ഖാന്‍, വി.എന്‍. സ്മിത, എം. പ്രവീണ്‍ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കളിയിക്കാവിള പൊലിസ് സ്റ്റേഷന് 200 മീറ്റർ അകലെ കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്. വാഹനത്തിൽ നിന്നും ഒരാള്‍ ഇറങ്ങി പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലിസിന് തെളിവായി ലഭിച്ചത്. തുടർന്ന് നെയ്യാറ്റിൻകര മുതലുള്ള സിസിടിവി ദൃശ്യങ്ങൾ കളിയിക്കാവിള പൊലിസ് ശേഖരിച്ചു. പണത്തിന് വേണ്ടി ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന് ഒടുവിലായിരുന്നു കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തൽ. രണ്ടാം പ്രതി സുനിലായിലുള്ള തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി റിമാന്‍ഡ് ചെയ്ത പ്രതി അമ്പിളിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്യും.