Recipe

ആലിയ ഭട്ടിന്റെ ഹെല്‍ത്തി ബീറ്റ്‌റൂട്ട് റൈത്ത റെസിപ്പി ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?

അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഡയറ്റിന്റെയും, സ്‌കിന്‍ കെയറിന്റെയും ഒക്കെ കാര്യത്തിലും ധാരാളം പെണ്‍കുട്ടികള്‍ ഫോളോ ചെയ്യുന്ന ബോളിവുഡ് സൂപ്പര്‍ താരമാണ് ആലിയ ഭട്ട്. വടിവൊത്ത ശരീരവും ആകാരഭംഗിയും ബോളിവുഡിലെ ഒരു പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെയാകാം താരസുന്ദരിമാര്‍ വര്‍ക്കൗട്ട് ചെയ്തു ആഹാരം ക്രമീകരിച്ച് കഴിച്ചൊക്കെ മുന്നോട്ടുപോകുന്നത്.

അതുപോലെതന്നെ ആലിയ ഭട്ടും അവരുടെ ജീവിതത്തില്‍ തനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങള്‍ വേണ്ടെന്ന് വച്ചിട്ടുണ്ടെന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. താരത്തിന് പ്രിയപ്പെട്ടതാണ് ചോക്ലേറ്റ്, ബര്‍ഗര്‍ തുടങ്ങിയവയൊക്കെ. എന്നാല്‍ ഡയറ്റ് ഫോളോ ചെയ്യുന്നതിനാല്‍ ഇതൊക്കെ മിതമായ രീതിയില്‍ മാത്രം വല്ലപ്പോഴും മാത്രമേ കഴിക്കുകയുള്ളൂ എന്നും കൂടുതലും ഹെല്‍ത്തി ഫുഡുകളാണ് കഴിക്കുന്നതെന്നും ആലിയ ഈയിടെ പറഞ്ഞിരുന്നു. ഹെല്‍ത്തി ഫുഡിന്റെ പട്ടികയില്‍ തനിക്കേറ്റവും പ്രിയപ്പെട്ട വിഭവമാണ് ബീറ്റ്‌റൂട്ട് റൈത്ത എന്ന് നടി പല സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇതിന്റെ റെസിപ്പിയും നടി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചിരുന്നു. ആലിയ ഭട്ടിന്റെ ഇഷ്ട വിഭവമായ ബീറ്റ്‌റൂട്ട് റൈത്ത എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമുക്ക് നോക്കാം.

ഇതിന് ആവശ്യമായ ചേരുവകള്‍

കട്ട തൈര്- പുളിയുള്ളതോ പുളിയില്ലാത്തതോ ആകാം, നിങ്ങളുടെ ഇഷ്ടാനുസരണം എടുക്കാം.

ജീരകം- അര സ്പൂണ്‍

ചാട്ട് പൗഡര്‍- അര സ്പൂണ്‍

കുരുമുളകുപൊടി- അര ടീസ്പൂണ്‍

കുരുമുളകുപൊടി- ആവശ്യത്തിന്

പച്ചമുളക്- ഒന്ന്

ഉപ്പ്- ആവശ്യത്തിന്

ഇനി ബീറ്റ്‌റൂട്ട് റൈത്ത തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..

ഒരു ബൗളിലേക്ക് ആവശ്യത്തിനുള്ള കട്ട തൈര് എടുക്കുക അതിലേക്ക്  അര ടീസ്പൂണ്‍ ജീരകപ്പൊടി ഇടുക ശേഷം അര ടീസ്പൂണ്‍ ചാട്ട് പൗഡര്‍ ഇടാം ചാര്‍ട്ട് പൗഡര്‍ ഇല്ലെങ്കില്‍ അതിനുപകരമായി കുരുമുളകുപൊടി ഇടുന്നത് നന്നായിരിക്കും. ഇനി അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇടുക ശേഷം വളരെ ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന  അര മുറി ബീറ്റ്‌റൂട്ട് എടുത്ത് ഈ കട്ട തൈരിന്റെ മിശ്രിതത്തിലേക്ക് ചേര്‍ത്തു കൊടുക്കുക. എരിവ് ആവശ്യമുള്ളവര്‍ക്ക് ഇതിലേക്ക് പച്ചമുളക് ചേര്‍ത്തു കൊടുക്കാം. വളരെ ചെറുതായി അരിഞ്ഞ പച്ചമുളക് ആണ് ചേര്‍ത്തു കൊടുക്കേണ്ടത്. ബീട്രൂട്ടിന്റെ പച്ച രുചി ഇതിലേക്ക് വരുമോ എന്നുള്ള ഭയം വേണ്ട കാരണം തൈരുമായിട്ട്  മിക്‌സ് ചെയ്യുമ്പോള്‍ ഇതിന് ടേസ്റ്റ് വേറെ തന്നെയാകും.  ബീട്രൂട്ട് ഇഷ്ടമല്ലാത്തവര്‍ക്കും ഇതൊന്നു പരീക്ഷിച്ചു നോക്കാം. നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും.