തിരുവനന്തപുരം∙ ക്വാറി ഉടമ ദീപുവിന്റെ കൊലപാതകക്കേസിൽ പ്രതിയായ അമ്പിളി തനിക്കെതിരെ തന്നെ മനഃപൂർവം തെളിവുകൾ സൃഷ്ടിക്കുകയായിരുന്നെന്ന് പോലീസിന്‍റെ നിഗമനം. തെളിവുകൾ അവശേഷിപ്പിക്കാതെ രക്ഷപ്പെടാൻ സാധ്യത ഉണ്ടായിരുന്ന കേസിൽ ഇത്രയും തെളിവുകൾ സ്വയം നൽകി അമ്പിളി പിടികൊടുത്തതിൽ പൊലീസിനു സംശയമുണ്ട്.
ദീപുവിന്റെ കൊലപാതകത്തിനുശേഷം കാറിന്റെ ബോണറ്റ് തുറന്നുവച്ച് ഇൻഡിക്കേറ്ററുകൾ ഓണാക്കിയ നിലയിലായിരുന്നു. എൻജിൻ ഓഫായിരുന്നെങ്കിൽ കൊലപാതക വിവരം പുറത്തറിയാൻ വൈകുമായിരുന്നു. ഈ സമയത്തിനുള്ളിൽ പ്രതിക്കു സുരക്ഷിത സ്ഥാനത്തേക്ക് രക്ഷപ്പെടാൻ സമയം ലഭിക്കുമെന്നിരിക്കേ കാർ ഒാഫ് ചെയ്യാത്തതു കൊലപാതക വിവരം ഉടൻ പുറത്തറിയാൻ വേണ്ടിയാണെന്നാണു പൊലീസ് നിഗമനം.
അമ്പിളി സംഭവ ദിവസം ഫോൺ ഉപയോഗിച്ചിരുന്നില്ല. എന്നാൽ സംഭവ ദിവസം ദീപുവിനെ ബന്ധപ്പെട്ട് എങ്ങനെ കളിയിക്കാവിളയിലെത്തി ഒപ്പം കൂടിയെന്നതിന് ഉത്തരമില്ല. സംഭവത്തിലെ ദുരൂഹത തുടരുകയാണ്. സ്വന്തം ഫോൺ സ്വിച്ച്ഡ് ഒാഫ് ആണെന്ന് വരുത്തി സമീപത്തുള്ള കടയിലെ ജീവനക്കാരന്റെ ഫോൺ വാങ്ങി വിളിച്ചതു സ്ഥാപനത്തിലെ സിസിടിവിയിൽ മുഖം പതിയാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണെന്നും സംശയിക്കുന്നു.
കൊലപാതകത്തിനു ശേഷം ഒരു കിലോമീറ്റർ അകലെ പടന്താലൂമ്മൂട് ചന്തയ്ക്കു സമീപത്തെ മെഡിക്കൽ സ്റ്റോറിൽ എത്തി യാത്ര ചെയ്യാൻ വാടകയ്ക്കു കാർ ലഭിക്കുമോ എന്നു അമ്പിളി അന്വേഷിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തിരുവനന്തപുരത്തേക്കും തമിഴ്നാട്ടിലേക്കും പോകാൻ രാത്രിയിലും ഒട്ടേറെ ബസുകളുള്ള മേഖലയിൽ കാർ അന്വേഷിച്ചതും ദുരൂഹമാണ്.
അതേസമയം, കേസിൽ ഒരാൾ കൂടി അറസ്റ്റിലയി. കൊലപാതകത്തിനായി പ്രതി അമ്പിളി സർജിക്കൽ ബ്ലേഡ് വാങ്ങിയ കടയുടെ ഉടമ സുനിലിന്‍റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള സുനിലിനെ കണ്ടെത്താനും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിന് സുനിലിന്‍റെ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു.
സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തിയത്. പാറശാലക്ക് പുറമെ നെയ്യാറ്റിന്‍കരയിലും ഇവരുടെ സ്ഥാപനം ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്നു. ഇരു സ്ഥാപനങ്ങള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍ അനധികൃതമായി വില്‍പന നടത്തിയതിനാണ് കേസ്. തിരുവനന്തപുരം അസിസ്റ്റന്റ് ഡ്രഗസ് കണ്‍ട്രോള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍മാരായ എസ്. അജി, മൈമൂണ്‍ഖാന്‍, വി.എന്‍. സ്മിത, എം. പ്രവീണ്‍ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.