അങ്കമാലി: താലൂക്കാശുപത്രിയിൽ വ്യാഴാഴ്ച ആരംഭിച്ച സിനിമ ചിത്രീകരണം വിവാദമായതോടെ നിർത്തിവച്ചു. ചിത്രീകരണം മൂലം ആശുപത്രിയിലെത്തിയ രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആരോഗ്യവകുപ്പിനെതിരെ കേസെടുത്തതിന് പിറകെയാണ് നിർത്തിവച്ചത്.
സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് വിശദീകരണം തേടി. ആരോഗ്യ വകുപ്പ് ഡയറക്ടറോടാണ് മന്ത്രി വിശദീകരണം തേടിയത്.
അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രിയാണ് സിനിമാ ചിത്രീകരണം നടന്നത്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിംഗിന് അനുമതി നൽകിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പറഞ്ഞു. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്റെയടക്കം അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിംഗ് നടന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഫഹദ് ഫാസിൽ നിർമിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിജു കടവൂറിന്‍റെ അപേക്ഷയുടെയും, ജില്ല മെഡിക്കൽ ഓഫീസറുടെ കത്തിന്‍റെയും അടിസ്ഥാനത്തിലാണ് രാത്രി ഏഴ് മുതൽ പുലർച്ചെ അഞ്ച് വരെയുള്ള സമയങ്ങളിൽ ഒൻപത് നിർദേശങ്ങളോടെ ആരോഗ്യ വകുപ്പ് ഡയറക്ടർ ചിത്രീകരണത്തിന് അനുമതി നൽകിയത്. ആശുപത്രിയിലെ റിസപ്ഷൻ ഹാളും, അത്യാഹിത വിഭാഗം മുറിയുമാണ് അതിനായി ആവശ്യപ്പെട്ടിരുന്നത്. പ്രതിദിന ചിത്രീകരണത്തിന് 10000 രൂപ വീതമാണ് താലൂക്കാശുപത്രി മാനേജ്‌മൻ്റ് കമ്മിറ്റിയിൽ അടച്ചത്.
എന്നാൽ, മഴക്കെടുതിയും, മഴക്കാല രോഗങ്ങളും മൂലം രാത്രിയിലും നിരവധി രോഗികൾ എത്തിയതോടെയാണ് സിനിമയുടെ ചിത്രീകരണം പലർക്കും തടസമാവുകയും തുടർന്ന് പരാതിയും ഉയർന്നത്.
അതേസമയം, സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതിനെ ശക്തമായി അപലപിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിയാണ് ചിത്രീകരണം തുടങ്ങിയത്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ട് നടന്നത്, ആശുപത്രി സൂപ്രണ്ടിന് പരാതിയില്ല. മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത് ഏകപക്ഷീയമായ നടപടിയാണ്. എന്താണ് നടന്നത് എന്ന് ആഴത്തിൽ മനസ്സിലാക്കി വേണമായിരുന്നു നടപടിയെടുക്കാനെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
അനുമതി നൽകിയ സർക്കാരിനെ അല്ലേ ആദ്യം പ്രതിയാക്കേണ്ടത്? സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നിലപാടുകൾ സിനിമാ വ്യവസായത്തിന് ഭൂഷണമല്ല. ഡബിൾ ടാക്സേഷൻ ഏറ്റവും കൂടുതൽ നടപ്പാക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. സിനിമാ വ്യവസായത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നടപടികൾ തികച്ചും പ്രതിഷേധാർഹമാണെന്നും അസോസിയേഷൻ അധികൃതർ കൂട്ടിച്ചേർത്തു.