Crime

രണ്ട് കോടിയുടെ ലഹരിമരുന്ന് വേട്ട; ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കടത്തിയ യുവതി അറസ്റ്റിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന്‌ വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമിയാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് ഇവർ അറസ്റ്റിലായത്.

മയക്കുമരുന്ന് കോഴിക്കോട്ടേക്ക് കടത്തിയത് ജുമി ആണെന്നാണ് പൊലീസ് പറയുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് പെരുവണ്ണാമുഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യൻ, ഷൈൻ ഷാജി എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.

മേയ് 19 നാണ് കോടിയിലധികം വില വരുന്ന മാരക മയക്കുമരുന്നുകൾ പിടികൂടിയത്. പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിൽ വെള്ളയിൽ പോലീസും ഡാൻസാഫും പരിശോധന നടത്തുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടിരുന്നു. ഇവരെ പിടികൂടുന്നതിനായി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അനുജ് പലിവാളിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേക്ഷണസംഘം രൂപീകരിച്ച് ഊർജിത അന്വേഷണം നടത്തി.

തുടർന്ന് നിലമ്പൂർ സ്വദേശി ഷൈൻ ഷാജി എന്ന പ്രതിയെ ബംഗളൂരൂവിൽനിന്നും, രണ്ടാം പ്രതി പെരുവണ്ണാമൂഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യനെ കുമളിയിൽ നിന്നും പിടികൂടിയിരുന്നു. ഷൈൻ ഷാജിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ ബംഗളൂരുവിൽനിന്നും ഷൈനിനോടപ്പം എം.ഡി.എം.എ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതിൽ കാരിയർ ആയി പ്രവർത്തിച്ചത് ജുമിയാണെന്ന് മനസ്സിലായി. ഷൈൻ നിരവധി തവണ ബംഗളൂരുവിൽനിന്നും ടൂറിസ്റ്റ് ബസ്സിൽ മയക്കുമരുന്ന് കടത്തിന് ജുമിയെ കരിയർ ആക്കിയിട്ടുണ്ട്.

ഇവർ കോഴിക്കോട് ബീച്ച്, മാളുകളുടെ പരിസരം, എന്നിവ കേന്ദ്രീകരിച്ച് ലഹരിവിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണികളാണെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ ഷൈൻ ഷാജി സമാനകേസുകളിൽ രണ്ടുവര്‍ഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.