ന്യൂഡല്‍ഹി: റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകള്‍ നടത്താനുളള തീയതികള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ നാല് വരെ യുജിസി നെറ്റ് പരീക്ഷകള്‍ നടക്കും. സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ ജൂലായ് 25 മുതല്‍ 27 വരെയും നടക്കും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് പുതുക്കിയ തീയ്യതികള്‍ പ്രഖ്യാപിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകള്‍ മാറ്റിയത്.
ജൂണ്‍ 18-ാം തീയതി നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷയായിരുന്നു നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സ് റദ്ദാക്കിയിരുന്നത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തിയത്. പരീക്ഷാനടത്തിപ്പില്‍ വീഴ്ചകളുണ്ടായെന്ന വിവരം നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റില്‍ നിന്ന് യു.ജി.സിക്ക് ജൂണ്‍ 19-ന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പരീക്ഷ റദ്ദാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കുകയായിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ സി.ബി.ഐയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.