പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപ്പഞ്ചായത്തിലെ നിര്‍ധനരായ പട്ടികജാതിക്കാര്‍ക്കായുള്ള ഫ്ളാറ്റ് സമുച്ചയ നിര്‍മ്മാണപദ്ധതിയില്‍ ഗുരുതരമായ അഴിമതിയും അധികൃതരുടെ അലംഭാവവും ഉണ്ടായതായി ആരോപണം. ഹിന്ദു ഐക്യവേദിയുടെ കൂവപ്പടി പഞ്ചായത്ത് സമിതി ഇക്കാര്യത്തില്‍ പൊതു ചര്‍ച്ച സംഘടിപ്പിച്ചുകൊണ്ട് ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭത്തിനൊരുങ്ങുന്നു. 2012ല്‍ ആണ് പന്ത്രണ്ടാം വാര്‍ഡിലുള്‍പ്പെടുന്ന പ്രദേശത്ത് പഞ്ചായത്ത് ഒന്നരയേക്കറില്‍ പാര്‍പ്പിടസമുച്ചയ നിര്‍മ്മാണപദ്ധതിയ്ക്ക് തുടക്കംകുറിച്ചത്.
പന്ത്രണ്ടുവര്‍ഷമായിട്ടും ഈ പദ്ധതി പൂര്‍ത്തിയാക്കി അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി വീടുകള്‍ കൈമാറാന്‍ പഞ്ചായത്തിനായില്ല. രണ്ടു നിലകളിലായി 4 വീടുകളുടെ നിര്‍മ്മാണം ഭാഗികമായി പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞിട്ടു 8 വര്‍ഷവും 6 മാസവും കഴിഞ്ഞു. പദ്ധതിപ്രദേശം കാടുകയറി നശിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി ജോയിന്റ് സെക്രട്ടറി ടി.ജി. ഷിജിത്ത്കുമാര്‍ ചൂണ്ടിക്കാട്ടി. ഫ്ളാറ്റുകള്‍ക്കായി കണ്ടെത്തിയ ഭൂമിയില്‍ പദ്ധതിയിലില്ലാത്ത ഒരു കമ്മ്യൂണിറ്റി ഹാള്‍ പണിതത്തിനു പിന്നില്‍ ഗുതുതരമായ സാമ്പത്തിക അഴിമതിയുണ്ടെന്നും ആക്ഷേപമുണ്ട്. ഒരു പ്രയോജനവും ഇല്ലാത്ത ഹാളിനുവേണ്ടി ചെലവഴിച്ചത് ലക്ഷങ്ങളാണ്. ഇതിന്റെ ഉദ്ഘാടനം നടന്നിട്ടില്ല. ഫ്ളാറ്റുകളില്‍ നാലെണ്ണമൊഴിച്ച് ബാക്കിയുള്ളവയുടെ ശിലാസ്ഥാപനം നടത്താനും പഞ്ചായത്തിനായില്ല. ഫ്ളാറ്റൊന്നിന് 3.50 ലക്ഷം രൂപ വകയിരുത്തി പണികളാരംഭിയ്ക്കുകയും നിലവില്‍ ഏഴുലക്ഷം ചെലവഴിക്കുകയും ചെയ്തു. ഇനിയും 3 ലക്ഷം രൂപകൂടി വേണമത്രെ പണി പൂര്‍ത്തിയാകണമെങ്കില്‍. പദ്ധതിപ്രദേശത്തിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിനു മാത്രമായി ചെലവഴിച്ചത് ഒരു കോടിയിലേറെ രൂപ.
സാമൂഹികമായി പിന്നോക്കം നില്ക്കുന്ന ഇരുപത്തിനാലോളം കുടുംബങ്ങളാണ് ഈ പദ്ധതിയിലൂടെ ഒരു വീട് ലഭിയ്ക്കും എന്ന പ്രതീക്ഷയില്‍ കഴിയുന്നത്. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ജൂണ്‍ ഇരുപത്തിമൂന്നാം തീയതി കൂവപ്പടി വിശ്വകര്‍മ്മ സഭ ഹാളില്‍ വിവിധ ഹിന്ദു സാമുദായിക സംഘടനകളുടെ സംയുക്തയോഗം സംഘടിപ്പിച്ചിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു നല്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ പഞ്ചായത്ത് സമിതി പ്രസിഡന്റ് സി.ജി. ഷാജി അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രദേശത്തെ സാമുദായിക സംഘടന നേതാക്കള്‍ക്കൊപ്പം ഐക്യവേദി ജില്ലാ, താലൂക്ക്, പഞ്ചായത്ത് സമിതി നേതാക്കള്‍ പങ്കെടുത്തു. സാമൂഹ്യ നീതി കര്‍മ്മസമിതി രൂപീകരിച്ചു പ്രവര്‍ത്തനം വിപുലപെടുത്താന്‍ തീരുമാനമായി.
പട്ടികജാതി സമൂഹത്തോടുള്ള നീതി നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുവാന്‍ തന്നെയാണ് തീരുമാനമെന്ന് വിവിധ സാമുദായിക സംഘടനാനേതാക്കളും അറിയിച്ചു. ഫ്ളാറ്റ് നിര്‍മ്മാണം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് വിട്ടുനല്‍കുവാനും ബാക്കിയുള്ള സ്ഥലം മൂന്നോ, നാലോ സെന്റുകളായി തിരിച്ച് അര്‍ഹതയുള്ളവര്‍ക്ക് വീടുവയ്ക്കാനായി നല്‍കണെമന്നും ആവശ്യപ്പെട്ട് പഞ്ചായത്തധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. അനുകൂലമായ നടപടി ഉടനുണ്ടായില്ലെങ്കില്‍ ഒറ്റക്കെട്ടായി പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു.