Sports

സ്വപ്‌ന ഫൈനല്‍: പോരാട്ടം നീലപ്പടയും പച്ചപ്പടയും തമ്മില്‍; അന്തിമ വിജയം ആര്‍ക്ക് ?

കരീബിയന്‍ കടല്‍ക്കരയില്‍ ഇന്ന് ആര് കിരീടത്തില്‍ കയ്യൊപ്പിടുമെന്ന ആകാംക്ഷയിലാണ് ലോകം. മണിക്കൂറുകള്‍ മാത്രമേയുള്ളൂ ആ കാത്തിരിപ്പിന് വിരാമമിടാന്‍. ക്രിക്കറ്റെന്ന മതത്തില്‍ വിശ്വസിക്കുന്ന ഇന്ത്യയിലെ ഓരോ മനുഷ്യരും ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും എന്തായിരിക്കുമെന്ന് മനപ്പാഠമാണ്. ചുണക്കുട്ടികളുടെ വീറും വാശിയും പുല്‍മൈതാനത്ത്, 22 യാര്‍ഡില്‍ അടിച്ചും എറിഞ്ഞും വീഴുത്തുമെന്നു തന്നെയാണ് പ്രതീക്ഷ. ബാര്‍ബഡോസില്‍ ആരായിരിക്കും ചരിത്രമെഴുതുക. ടി20 ലോകകപ്പില്‍ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഒരിക്കല്‍പ്പോലും കൈക്കലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ലോക കിരീടത്തെച്ചൊല്ലിയുള്ള നിരാശയും വാശിയുമാണ് ദക്ഷിണാഫ്രിക്കക്കാര്‍ക്ക്.

അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ഒരു മാസത്തോളം നീണ്ടുനിന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കലാശക്കളിയിലേക്ക് എത്തുമ്പോള്‍ മികച്ച രണ്ട് ടീമുകള്‍ തന്നെയാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നതെന്ന് നിസ്സംശയം പറയാം. ഒരു കളിപോലും തോല്‍ക്കാതെ ഫൈനലിലേക്കുള്ള ടിക്കറ്റെടുത്ത രണ്ടു രാജ്യങ്ങള്‍. ആദ്യ ട്വന്റി-20 ലോകകപ്പ് ഉയര്‍ത്തുമെന്ന ആത്മവിശ്വാസമാണ് ദക്ഷിണാഫ്രിക്കക്കുള്ളതെങ്കില്‍, രണ്ട് വര്‍ഷം മുമ്പ് നടന്ന ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനലില്‍ തങ്ങളെ 10 വിക്കറ്റിന് തോല്‍പ്പിച്ച ഇംഗ്‌ളണ്ടിന്റെ 10 വിക്കറ്റുകളും ഇക്കുറി സെമിയില്‍ പിഴുതെറിഞ്ഞ് 68 റണ്‍സിന്റെ വിജയവുമായി ഫുള്‍ പവറിലാണ് ഇന്ത്യന്‍ ടീമെത്തുന്നത്. നീലപ്പടയും പച്ചപ്പടയും തമ്മിലുള്ള മത്സരത്തിന്റെ ഗതിവേഗം അളക്കാന്‍ പോലുപം കഴിയില്ലെന്നുറപ്പ്.

നിരവധി തവണ സെമിഫൈനലില്‍ തട്ടിത്തകര്‍ന്ന ആഫ്രിക്കക്കാരുടെ സ്വപ്നങ്ങള്‍ക്ക് ഇക്കുറി നിറം പകര്‍ന്നത് അഫ്ഗാനിസ്ഥാനെതിരായ സെമിയിലെ വമ്പന്‍ വിജയത്തോടെയാണ്. എന്നാല്‍, കാനഡയ്ക്ക് എതിരായ ഒരു മത്സരം മഴ മൂലം മുടങ്ങിയത് മാറ്റി നിര്‍ത്തിയാല്‍ ഈ ലോകകപ്പില്‍ കളിച്ച മത്സരങ്ങളിലെല്ലാം നീലപ്പടയ്ക്ക് ജയം അസാധ്യമായിരുന്നു. പ്രാഥമിക റൗണ്ടില്‍ പാകിസ്ഥാനെയും അമേരിക്കയേയും അയര്‍ലാന്‍ഡിനെയും തോല്‍പ്പിച്ച ഇന്ത്യ സൂപ്പര്‍ എട്ടില്‍ ബംഗ്‌ളാദേശിനെയും അഫ്ഗാനെയും തോല്‍പ്പിച്ചെങ്കിലും കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിലെ പരാജയത്തിന് ഓസ്‌ട്രേലിയയോട് പകരം തീര്‍ത്തതാണ് സ്‌റ്റൈലിഷായത്. പ്രാഥമിക റൗണ്ടില്‍ ശ്രീലങ്ക, ഹോളണ്ട്, ബംഗ്‌ളാദേശ്, നേപ്പാള്‍ എന്നിവരെ കീഴടക്കിയെത്തിയ ദക്ഷിണാഫ്രിക്കക്കാര്‍ സൂപ്പര്‍ എട്ടില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്‌ളണ്ടിനെയും ആതിഥേയരായ വിന്‍ഡീസിനെയും അമേരിക്കയേയും കീഴടക്കിയാണ് സെമി ബെര്‍ത്ത് നേടിയതെന്ന പ്രത്യേകതയുമുണ്ട്.

കരുത്തിന്റെ നീലപ്പട

മത്സരിച്ച ടീമുകളുമായുള്ള ഏറ്റു മുട്ടലില്‍ കരുത്തു കാട്ടിയാണ് ഇന്ത്യ ഫൈനലിലേക്ക് ചുവടുവയ്ക്കുന്നത്. മികച്ച സ്പിന്നര്‍മാരും പേസ് ബൗളിംഗ് നിരയും. എപ്പോള്‍ വേണമെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാനാവുന്ന ഓള്‍റൗണ്ടര്‍മാര്‍. ഒന്നു പോയാല്‍ മറ്റൊന്ന് ക്രീസില്‍ നിന്ന് ടീമിനെ ജയിക്കിപ്പാ
ന്‍ കഴിയുന്ന ബാറ്റിംഗ് ലൈനപ്പുമാണ് ഇന്ത്യയുടെ കരുത്ത്. ഓസ്‌ട്രേലിയയ്ക്കും ഇംഗ്‌ളണ്ടിനുമെതിരെ ക്യാപ്ടന്‍ രോഹിത് ശര്‍മ്മ പുറത്തെടുത്ത ഫോം ടീമിന് മൊത്തത്തില്‍ ഉണര്‍വ് പകരുന്നതാണ്. സൂര്യകുമാര്‍ യാദവും സെമിയില്‍ അവസരോചിത പ്രകടനം കാഴ്ചവച്ചു. റിഷഭ് പന്ത് സെമിയില്‍ തിളങ്ങിയില്ലെങ്കിലും മികച്ച ഫോമിലാണ്. അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ഓള്‍റൗണ്ട് മികവും തെളിയിക്കപ്പെട്ടുകഴിഞ്ഞു. ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നീ ഓള്‍റൗണ്ടര്‍മാര്‍കൂടി ഫോമിലെത്തിയാല്‍ ഫൈനല്‍ മത്സരം ഇന്ത്യ ഏകപക്ഷീയമാക്കും.

ബൗളിംഗ് അറ്റാക്കിന്റെ കതുന്തമുനകളായ പേസര്‍ ബുംറയും അര്‍ഷ്ദീപും മികച്ച ഫോമിലാണ്. ബുംറയുടെ ഓവറുകളിലൂടെ ഏത് എതിരാളിയെയും തകര്‍ത്തെറിയാനാകും. ബുംറയുടെ ആക്രമണത്തില്‍ തളര്‍ന്നു പോകുന്ന ബാറ്റ്‌സ്മാന്‍മാരെ ചുറ്റിക്കാന്‍ പിന്നീട് സ്പിന്നര്‍മാര്‍ ചുമതലയേറ്റെടുക്കുന്നതാണ് ഇന്ത്യയുടെ ചാണക്യതന്ത്രം. സ്പിന്നര്‍ സ്‌പെഷ്യലിസ്റ്റ് കുല്‍ദീപും, അക്ഷര്‍ പട്ടേലും സാഹചര്യം മനസിലാക്കി ബൗള്‍ ചെയ്യാന്‍ മിടുക്കരാണ്. ബാറ്റിംഗില്‍ വിരാട് കോഹിലി എന്ന ഇന്ത്യയുടെ മൂര്‍ച്ചയേറിയ ആയുധം ദക്ഷിണാഫ്രിക്കയോട് എങ്ങനെ ആയിരിക്കുമെന്നതാണ് പ്രധാന ആശങ്ക. എങ്കിലും നമുക്കൊരു ക്യാപ്ടന്‍ ഉണ്ടെന്നതാണ് ആത്മവിശ്വാസത്തിന്റെ കൊടുമുടിയേറ്റുന്നത്.

സ്വപ്‌നങ്ങളുമായി പച്ചപ്പട

ധീരതയോടെ ദക്ഷിണാഫ്രിക്ക ആദ്യമായൊരു ലോകകപ്പ് ഫൈനലില്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദമുണ്ടെങ്കിലും അസാദ്ധ്യമായി ഒന്നുമില്ലെന്ന ധൈര്യത്തോടെയാണ് എയ്ഡന്‍ മാര്‍ക്രമും സംഘവും ഇന്ത്യയ്ക്ക് എതിരെ പൊരുതാനിറങ്ങുന്നത്. കൂട്ടായ്മയുടെ കരുത്താണ് ദക്ഷിണാഫ്രിക്കയുടെ വിജയരഹസ്യം. ഒറ്റയാന്‍ പോരാട്ടങ്ങളിലൂടെ മുന്നേറുന്നതില്‍ അവര്‍ വിശ്വസിക്കുന്നില്ല. അതിനര്‍ത്ഥം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ സൂപ്പര്‍ സ്റ്റാറുകള്‍ ഇല്ലെന്നല്ല, അവര്‍ എല്ലാവരും സൂപ്പര്‍ സ്റ്റാറുകളാണെന്നാണ് ചുരുക്കം. പരിചയസമ്പന്നനായ ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്രം, റീസ ഹെന്റിക്‌സ്, യുവതാരം ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഹെന്റിച്ച് ക്‌ളാസന്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയവര്‍ ആക്രമണകാരികളായ കളിക്കാരാണ്. ടീമിനെ ഏതു സാഹചര്യത്തിലും വിജയത്തിലെത്തിക്കാന്‍ പോന്ന കരുത്തര്‍.

ആള്‍റൗണ്ടറായ മാര്‍ക്കോ യാന്‍സനും അന്റിച്ച് നോര്‍ക്യേയും പേസ് ബൗളിംഗിലാണ് മികവ് കാട്ടുന്നത്. വിശ്വസ്തനായ പേസര്‍ കാഗിസോ റബാദയും സംഘത്തിലുണ്ട്.തബാരേസ് ഷംസിയും കേശവ് മഹാരാജുമാണ് സംഘത്തിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. ഷംസി സെമിയില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. നായകന്‍ എയ്ഡന്‍ മാര്‍ക്രമിന്റെ സ്പിന്‍ ബൗളിംഗ് മികവും മുതല്‍ക്കൂട്ടാണ്. ടീമുകള്‍ ഇവരില്‍ നിന്ന്

ഇന്ത്യ: രോഹിത് (ക്യാപ്ടന്‍), യശ്വസി, വിരാട്, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു, ഹാര്‍ദിക്, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്ക: എയ്ഡന്‍ മാര്‍ക്രം(ക്യാപ്ടന്‍),ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്റിക്‌സ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്,ഹെന്റിച്ച് ക്‌ളാസന്‍,ഡേവിഡ് മില്ലര്‍,റയാന്‍ റിക്കിള്‍ടണ്‍, മാര്‍ക്കോ യാന്‍സണ്‍,തബാരേസ് ഷംസി, കേശവ് മഹാരാജ്, അന്റിച്ച് നോര്‍ക്യേ, കാഗിസോ റബാദ, ജെറാഡ് കോറ്റ്‌സെ, ബാര്‍ട്ട്മാന്‍, ബ്യോണ്‍ ഫോര്‍ച്യുന്‍.

ഫൈനലില്‍ ആരു ജയിച്ചാലും ഒറ്റക്കളിയും തോല്‍ക്കാതെ ട്വന്റി-20 ലോകകപ്പ് നേടുന്ന ആദ്യ ടീമാകും. 2009, 2014 ട്വന്റി-20 ലോകകപ്പുകളിലും 1992, 1999, 2015, 2023 ഏകദിന ലോകകപ്പുകളിലും സെമിയില്‍ പുറത്തായിരുന്നവരാണ് ദക്ഷിണാഫ്രിക്കക്കാര്‍. 2013 ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യ അവസാനമായി ഒരു ഐ.സി.സി കിരീടം നേടിയത്. അതിന് ശേഷം 2014 ട്വന്റി-20 ലോകകപ്പിലും 2023 ഏകദിന ലോകകപ്പിലും 2017 ചാമ്പ്യന്‍സ് ട്രോഫിയിലും 2021ലെയും 2023ലെയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുകളിലെയും ഫൈനലുകളില്‍ തോറ്റു. വിരാട് കൊഹ്ലി അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം ഫൈനലിനായി കരുതിവച്ചിരിക്കുകയാണ്. രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്യാപ്ടന്‍ ഫൈനലില്‍ എത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.