കേരളത്തിൽ കലിതുള്ളി കാലവർഷം പെയ്യുകയാണ്. മഴക്കാലത്ത് രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ സമയത്ത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടത് വളരെ പ്രധാനമാണ്. അടുക്കളയ്ക്ക് വളരെയധികം പ്രാധാന്യം കൊടുക്കണം. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലം ആയതുകൊണ്ട് തന്നെ മഴക്കാലത്ത് അതീവ ശ്രദ്ധ വേണം.
മഴകാലത്ത് അടുക്കളയില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി ഇവിടെ പറയാന്‍ പോകുന്നത്. അതിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കാനും ഭക്ഷണത്തിലൂടെയുള്ള രോഗങ്ങളെ അകറ്റി നിര്‍ത്താനും കഴിയും.
നനഞ്ഞ പാത്രങ്ങള്‍ ഉപയോഗിക്കരുത്
സ്റ്റീല്‍, ചെമ്പ്, പ്ലാസ്റ്റിക്, ഗ്ലാസ് തുടങ്ങി കണ്ടെയ്‌നറിന്റെ മെറ്റീരിയല്‍ എന്തുതന്നെയായാലും നിങ്ങള്‍ നനഞ്ഞ പാത്രത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം. പകുതി മുറിച്ച കുരുമുളക് മുതല്‍ മല്ലിയിലയും പുതിനയിലയും വരെ സൂക്ഷിക്കാന്‍ എപ്പോഴും ഉണങ്ങിയ പാത്രം ഉപയോഗിക്കുക. സാധ്യമെങ്കില്‍, വായു കടക്കാത്ത പാത്രങ്ങള്‍ ഒരു പേപ്പര്‍ ടവല്‍ ഉപയോഗിച്ച് ലൈന്‍ ചെയ്യുക. ഇത് പച്ചക്കറികളുടെ ഷെല്‍ഫ് ലൈഫ് വര്‍ദ്ധിപ്പിക്കാനും അവ ഫ്രഷ് ആയി നിലനിര്‍ത്താനും സഹായിക്കും.
മിച്ചം വരുന്നവ കഴിക്കുന്നത് ഒഴിവാക്കുക
മണ്‍സൂണ്‍ കാലത്ത് മിച്ചം വരുന്ന ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ഭക്ഷണം ഒരുപാട് ബാക്കിയുണ്ടെങ്കില്‍ അവ ഒരു എയര്‍ടൈറ്റ് കണ്ടെയ്‌നറില്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക, കഴിയുന്നത്ര വേഗം അവ കഴിക്കുക. 4-5 ദിവസത്തിന് ശേഷം അതേ വിഭവം കഴിക്കരുത്. കാരണം ഈര്‍പ്പം അതിനെ നശിപ്പിക്കും. ഇത് ദഹനപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
വൃത്തിയാക്കല്‍ അവഗണിക്കരുത്
മഴക്കാലത്ത് ശുചീകരണം അവഗണിക്കുന്നതാണ് നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. അടുക്കള കൗണ്ടറിന് ചുറ്റും ചോര്‍ച്ചയും ഈര്‍പ്പമുള്ള അന്തരീക്ഷവും ഉള്ളതിനാല്‍ പൂപ്പല്‍ വേഗത്തില്‍ വളരും. തടിയുടെ കാബിനറ്റുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ അവ നന്നായി വൃത്തിയാക്കി ഉണക്കി സൂക്ഷിക്കേണ്ടതുണ്ട്. മൈക്രോവേവ്, റഫ്രിജറേറ്റര്‍, ഡിഷ് വാഷര്‍ തുടങ്ങിയ ഉപകരണങ്ങളുടെ ഉപരിതലം വൃത്തിയാക്കുക. അടുക്കളയില്‍ പാറ്റകളും കീടങ്ങളും ആക്രമിക്കുന്നത് തടയാനും വൃത്തിയാക്കല്‍ സഹായിക്കും.
റഫ്രിജറേറ്റര്‍ നിറക്കരുത്
നിങ്ങളുടെ റഫ്രിജറേറ്റര്‍ എത്ര വലുതായാലും ചെറുതായാലും, അതില്‍ സാധനങ്ങള്‍ എല്ലാം കയറ്റി തിക്കി വെക്കരുത്. കാരണം അത് വായുസഞ്ചാരത്തെ തടസപ്പെടുത്തും. മഴക്കാലത്ത് അന്തരീക്ഷം ഈര്‍പ്പമുള്ളതിനാല്‍, ശരിയായ വായുസഞ്ചാരമില്ലാതിരിക്കുന്നത് ഫ്രിഡ്ജിനുള്ളില്‍ ഈര്‍പ്പം ഉണ്ടാക്കാം. അസമമായ തണുപ്പിക്കല്‍ പച്ചക്കറികള്‍, പഴങ്ങള്‍, മാംസം, പാകം ചെയ്ത ഭക്ഷണം എന്നിവ വേഗത്തില്‍ കേടാകാന്‍ ഇടയാക്കും. ഈര്‍പ്പം കൂടുന്നത് തടയാന്‍ ഷെല്‍ഫുകള്‍ ക്രമീകരിക്കുകയും ഭക്ഷണം വായു കടക്കാത്ത പാത്രങ്ങളില്‍ പായ്ക്ക് ചെയ്യുകയും ചെയ്യുക.
ഭക്ഷണം മൂടിവെക്കാതിരിക്കരുത്
മഴക്കാലത്ത് പല കീടങ്ങളുടേയും പ്രജനന സമയം കൂടിയാണ്. നിങ്ങള്‍ ഭക്ഷണം മൂടാതെ വെച്ചാല്‍, അത് ഈച്ചകള്‍, പാറ്റകള്‍, കൂടാതെ മറ്റുള്ളവയെ ആകര്‍ഷിക്കും. ഇത് മലിനീകരണത്തിനും ഭക്ഷണം പാഴാകുന്നതിനും ഭക്ഷ്യജന്യ രോഗത്തിനും കാരണമാവുകയും ചെയ്യും.
അസംസ്‌കൃത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക
നിങ്ങളുടെ പച്ചക്കറികള്‍, പഴങ്ങള്‍, മാംസം എന്നിവ എവിടെ നിന്ന് വാങ്ങിയാലും അവ പച്ചയായി കഴിക്കരുത്. ഈര്‍പ്പം, വൃത്തിഹീനമായ ചുറ്റുപാടുകള്‍ എന്നിവ കാരണം ഇത് ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് വിധേയമായിരിക്കും. സുരക്ഷിതമായിരിക്കാനും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനുമുള്ള ഏറ്റവും നല്ല സമ്പ്രദായം ചേരുവകള്‍ നന്നായി കഴുകി വേവിക്കുക എന്നതാണ്. ദീര്‍ഘനേരം ചൂടില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നത് രോഗാണുക്കളെ നശിപ്പിക്കുകയും ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.