ദുബായ്: ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ മുഖമണ്ഡപവും നടപ്പന്തലും സ്ഥാപിച്ച് പ്രവാസി വ്യവസായിയായ മലയാളി. വഴിപാടായി മുഖമണ്ഡപവും നടപ്പുരയും നിർമ്മിച്ചത് പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്നേശ് വിജയകുമാർ മേനോനാണ്. സമർപ്പണം ജൂലൈ 7ന് രാവിലെ 7ന് നടക്കും.
കേരളീയ വാസ്തുശൈലിയിലാണ് നിർമാണം. ചെമ്പിൽ വാർത്തെടുത്ത മൂന്ന് താഴികക്കുടങ്ങളോടു കൂടിയതാണ് മുഖമണ്ഡപം. മാന്നാർ പി.കെ. രാജപ്പൻ ആചാരിയും സംഘവുമാണ് താഴികക്കുടങ്ങൾ നിർമ്മിച്ചത്. 3 താഴികക്കുടങ്ങളിൽ നിറയ്ക്കാനായി 93 കിലോ ഞവരനെല്ലാണ് വേണ്ടി വന്നത്. മുഖമണ്ഡപത്തിന് താഴെ തട്ടിൽ അഷ്ടദിക് പാലകർ, ബ്രഹ്മാവ്, വ്യാളീരൂപങ്ങൾ എന്നിവ കൊത്തിയിട്ടുണ്ട്. രണ്ടാം നിലയുടെ മൂലയിൽ ഗജമുഷ്ടിയോടെയുള്ള വ്യാളീരൂപങ്ങളുമുണ്ട്.
മുഖമണ്ഡപത്തിന്റെ തൂണുകളിൽ ചതുർ ബാഹുരൂപത്തിലുള്ള ഗുരുവായൂരപ്പൻ, വെണ്ണക്കണ്ണൻ, ദ്വാരപാലകർ എന്നിവരെയും കാണാം. കിഴക്കേനടയിൽ സത്രപ്പടി മുതൽ അപ്സര ജംക്‌ഷൻ വരെ നീളുന്ന മുഖമണ്ഡപത്തിന് അനുബന്ധമായി വരുന്നതാണ് നടപ്പന്തൽ. ഇതിലെ 20 തൂണുകളിൽ ദശാവതാരങ്ങളും കൃഷ്ണശിൽപങ്ങളും ഉണ്ടാകും. എളവള്ളി നന്ദൻ ആചാരിയുടെ നേതൃത്വത്തിൽ പെരുവല്ലൂർ മണികണ്ഠൻ, സൗപർണിക രാജേഷ്, പാന്തറ വിനീത് കണ്ണൻ ഉൾപ്പെടെ ശിൽപികളുടെ വലിയ സംഘം മാസങ്ങൾ നീണ്ട അധ്വാനത്തിലൂടെയാണ് നടപ്പന്തലും മുഖമണ്ഡപവും നിർമ്മിച്ചെടുത്തത്. നിലവിലുള്ള നടപ്പുരയുടെ അതേ ഉയരം തന്നെയാവും പുതിയ നടപ്പുരയ്ക്കെന്ന് വിഘ്നേശ് വിജയകുമാർ പറഞ്ഞു. ശ്രീകൃഷ്ണഗാഥ അടിസ്ഥാനമാക്കിയുള്ള കൂടുതൽ ശിൽപങ്ങളും നിർമ്മിതികളും ഗുരുവായൂരിൽ സമർപ്പിക്കണമെന്നാണ് ആഗ്രഹമെന്നും വിഘ്നേശ് പറഞ്ഞു.
Content Highlights: guruvayur temple construction of new entrance gate and walkway