ഹൃദയരാഗം
ഭാഗം 4
അവിടെ എത്തിയ നിമിഷം മുതൽ തിരഞ്ഞത് ഒരു മുഖം മാത്രം…. അവസാനം ആ ഒരുവനിൽ തന്നെ കണ്ണുടക്കിയപ്പോൾ നിർന്നിമേഷയായി നോക്കി നിന്നു പോയിരുന്നു ദിവ്യ… മുണ്ടാണ് വേഷം…. നീല നിറത്തിലുള്ള ഷർട്ടും അതേ കരയിലുള്ള മുണ്ടും അണിഞ്ഞുകൊണ്ട് ഒരു കപ്പിൽ എന്തോ കുടിച്ച് ആരോടും വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുകയാണ്…. ഇടയ്ക്കിടെ ചിരിക്കുന്നുണ്ട്, തന്നെ കണ്ടിട്ടില്ല എന്ന് വ്യക്തമാണ്…..
കുറച്ചുകഴിഞ്ഞ് കിരൺ ചേട്ടൻ വന്ന് തോളിൽ കൈ ഇടുന്നതും എന്തോ പറഞ്ഞു തിരിക്കുന്നതും കണ്ടു….. അതിനിടയിലാണ് കിരൺ ചേട്ടൻ തന്നെ കണ്ടത് എന്ന് തോന്നുന്നു…. പെട്ടെന്ന് മുഖം മാറ്റി കളഞ്ഞു, ആ നിമിഷം തന്നെ ആൾ അനു ചേട്ടൻറെ കാതിൽ എന്തോ പറയുന്നതും പെട്ടെന്ന് ആ ഭാഗത്തു നിന്നും തൻറെ നേർക്ക് നോട്ടം വരുന്നതും കണ്ടു….. എന്നെ കണ്ടപ്പോൾ അറിയാതെ മുഖം കുനിച്ചിരുന്നു,
ആ മുഖത്ത് മുഴുവൻ തെളിഞ്ഞത് എന്നോടുള്ള ദേഷ്യം ആണോ എന്നാണ്….. പക്ഷേ ഒരുതരം നിസംഗത ആയിരുന്നു ആ മുഖത്ത്, തന്നെ ഒന്ന് നോക്കി വീണ്ടും സൗഹൃദ കൂട്ടായ്മയിലേക്ക് മുഖം മാറ്റി കളഞ്ഞിരുന്നു, എങ്കിലും ആ നോട്ടം അത് എനിക്ക് വേണ്ടി ആയിരുന്നില്ലേ…? ആ നോട്ടം പോലും ആ രൂപം എന്റെ ഹൃദയപാളികളിൽ കൊത്തിവയ്ക്കാൻ ഉള്ള കാരണം ആയിരുന്നു… ഹൃദയത്തിൽ കൊത്തി വച്ച ചിത്രങ്ങളിൽ തനിക്കായ് മാത്രം എത്തിയ ഒരു ചിത്രം കൂടി…. അമ്മ പിടിച്ച് വലിച്ച് സൂരജ് ചേട്ടന്റെയും ചേച്ചിയുടെ അരികിലേക്ക് കൊണ്ടുപോയി…. എന്തൊക്കെയോ വർത്തമാനം പറയുന്നുണ്ട്,
അവരെ ഞാൻ ശ്രദ്ധിക്കുന്നുണ്ട് എങ്കിലും ഇടയ്ക്കിടെ എൻറെ കണ്ണുകൾ ഒരു നോട്ടത്താൽ പോലും എന്നിൽ മന്ത്രികത നിറയ്ക്കുന്ന ഒരുവനെ തേടി അലഞ്ഞു…. ഇടയിലെപ്പോഴോ കാണാതായി വീണ്ടും നിരാശ തോന്നിയ ഞാൻ കിരണേട്ടൻ നിൽക്കുന്ന ഭാഗത്ത് തന്നെ ദൃഷ്ടി ഉറപ്പിച്ചു….ആ ഭാഗത്ത് എവിടെയെങ്കിലും ഉണ്ടാകും എന്ന പ്രതീക്ഷയോടെ, പക്ഷെ ആളെ കാണാൻ സാധിച്ചില്ല, പിന്നീട് ഞങ്ങൾ ഭക്ഷണം കഴിക്കാനായി ഇരിക്കുന്ന സമയത്താണ് സ്റ്റേജിൽ നിന്നും പരിചിതമായ ഒരു ശബ്ദം കേട്ടത്… കിരണേട്ടൻ ആണ് എന്ന് മനസ്സിലായിരുന്നു….. ”
ഇന്ന് വിവാഹിതരായ, സോറി കഴിഞ്ഞ ദിവസം വിവാഹിതരായി ഇന്ന് അതിന്റെ പാർട്ടി നമ്മൾക്ക് നൽകുന്ന സൂരജിനു നിഷയ്ക്കും വേണ്ടി ഒരു മനോഹരമായ ഗാനം ആലപിക്കുന്നു നമ്മുടെ ആസ്ഥാന ഗായകൻ ആയ അനന്ദു…. ഒരു പ്രത്യേക താളത്തിൽ ആൾ അത് പറഞ്ഞപ്പോൾ ഞാനാണ് ഏറ്റവും പ്രതീക്ഷയോടെ സ്റ്റേജിലേക്ക് നോക്കിയത്… മൈക്കുമായി സ്റ്റേജിലേക്ക് കയറി വന്നു സൂരജ് ഏട്ടനെ നോക്കി എന്തോ പറഞ്ഞ് ചിരിക്കുന്നുണ്ട്, ശേഷം താളത്തിനൊപ്പം പാടാൻ തുടങ്ങി…
🎶 പനിനീർസൂനം കവിളിൽപ്പേറും ശാരോണിൻ കവികൾ വാഴ്ത്തി കുളിരിൽ മൂടും ശാരോണിൻ അഴകല്ലേ നീ……. എന്നുയിരല്ലേ നീ……. നിൻ മൌനം മാറ്റാൻ എന്നിൽ നിന്നൊരു ഗാനം രാജീവം വിടരും നിൻ മിഴികൾ കാശ്‌മീരം ഉതിരും നിൻ ചൊടികൾ എന്നിൽ പൂക്കുമ്പോൾ ഹൃദയമയീ നീ കേൾക്കാനായ് പ്രണയപദം ഞാൻ പാടുന്നൂ… ഒരു സ്വരമായ് ഒരു ലയമായ് അരികിൽ വരാൻ അനുമതി നീയരുളൂ…🎶 ഒരു നിമിഷം ആ വരികൾ പാടി കഴിഞ്ഞ് എൻറെ മുഖത്തേക്കാണ് ആൾ നോക്കിയത്….. ആ നിമിഷം എൻറെ കണ്ണിൽ തെളിഞ്ഞു പ്രണയം കണ്ടിട്ടോ എന്തോ പെട്ടെന്ന് തന്നെ ആൾ പിന്നെ അറിയാതെ പോലും ആ ഭാഗത്തേക്ക് ശ്രദ്ധിച്ചില്ലെങ്കിലും ആ പാട്ട് മുഴുവനായും ആള് പാടി തീർത്തു…. ആ രാഗവിസ്താരത്തിൽ അലിഞ്ഞു ഞാനും… ” അമ്പിളിയുടെ മോനല്ലേ….?
അമ്മ അരികിലിരുന്ന് ആരോടോ ചോദിക്കുന്നത് കേട്ടു…. അതെ അവൻ തന്നെ, ” വളന്നു പോയി ചെക്കൻ, എങ്ങനെ നടന്ന ചെക്കനാ… അമ്മ അരികിലിരുന്ന ശോഭ ആന്റിയോട് ചോദിച്ചു… ” ഇവറ്റകളുടെ കാര്യം ആര് തിരക്കാൻ പോണത്, “അമ്പിളി ഇപ്പോഴും ആ ലോറിക്കാരൻ സുരേന്ദ്രന്റെ കൂടെ തന്നെയല്ലേ, ” അതേ… മാസത്തിലോ ആഴ്ചയിലോ ഒക്കെ വരുന്നുണ്ട്.ഈ ചെക്കൻ അയാളെ ഇഷ്ടമല്ല എന്ന് ഒക്കെയാ പറയണേ, അതുകൊണ്ടാണ് വരാത്തത്…. ഈ ചെക്കനെ കുട്ടിക്കാലത്ത് തുടങ്ങിയതല്ലേ അവർ തമ്മിൽ ബന്ധം….
ഇതുവരെ കല്യാണം കഴിച്ചിട്ടില്ലല്ലോ, ഇങ്ങനെ വന്നു പോകുന്നതേയുള്ളൂ , പാലക്കാട് വേറെ കുടുംബ അയാൾക്ക് ഉണ്ടെന്ന് ആണ് പറയുന്നത്.. അമ്പിളിക്ക് ഈ വകയിൽ ഒരു പെൺകുട്ടിയുണ്ട്….. ശോഭ ആന്റി വാചാല ആയി…. ” ഓഹോ, അവന് അപ്പോൾ ഒരു അനിയത്തി കുട്ടി ഉണ്ടല്ലേ..? ” ഉണ്ട്… ആ കുട്ടിയുടെ കാര്യം കഷ്ടം തന്നെ ആണ്… വേറെ അർത്ഥത്തിലാണ് എല്ലാരും അതിനെ നോക്കുന്നെ, അമ്മ ഇങ്ങനെ ആയോണ്ട്… നമ്മുടെ ദീപുവിന്റെ പ്രായമേ ഉണ്ടാവുള്ളൂ, പത്താം ക്ലാസിലെ മറ്റോ പഠിക്കുന്നത്…. ”
എന്ത് ചെയ്യാനാ ഓരോ തള്ളമാർ ഇങ്ങനെ വിചാരിച്ചാൽ കുട്ടികളുടെ ഭാവി അല്ലേ പോവാ….. അമ്മ പരിതപിച്ചു…. ” മര്യാദയ്ക്ക് ഈ കൊച്ചനെ നോക്കി നിന്നാൽ പോരായിരുന്നോ….. വേറൊരു ബന്ധത്തിന് പോയതാ പ്രശ്നമായത്, ഇനി അവൾ പായ വിരിക്കാൻ ഈ നാട്ടിൽ ആരാ ബാക്കിയുള്ളത്…. ഇവിടെ ലോറിയിൽ ലോഡ് ആയിട്ട് വന്ന സുരേന്ദ്രനും ആയിട്ട് പരിചയത്തിലാകുന്നത് പിന്നെ അല്ലേ…?
സുരേന്ദ്രൻ ആയിട്ടുള്ള ബന്ധത്തിനുശേഷം സുരേന്ദ്രൻ തന്നെ നോക്കിക്കോളാം ഇനി വേറെ ആരും വരാൻ പാടില്ല എന്ന് പറഞ്ഞത്, ഈ ചെക്കൻ വീട്ടിൽ ഒന്നുമല്ല, പുറത്തൊക്കെ ആണ് കിടപ്പ് …. ” ശോ…. ഈ ചെക്കന് എന്തെങ്കിലും മോശം സ്വഭാവം ഉണ്ടോ…? ” ആർക്കറിയാം കൂടി ഒക്കെ ഉണ്ടെന്ന് പറയാറ്, കവലയിലെ തല്ലു ഒക്കെ ഉണ്ടാകുന്നത് കാണാറുണ്ട്….പഠിക്കുന്നുണ്ട് പഠിത്തമൊക്കെ കഴിഞ്ഞ…. ഡിഗ്രി മറ്റോ കഴിഞ്ഞിട്ട് നിൽക്കുവാ, എന്തൊക്കെയോ ചെറിയ ജോലിക്ക് പോകുന്നുണ്ട്…. അമ്മ വിസ്തരിച്ച് ആളുടെ ചരിത്രം കേൾക്കുകയാണ്,
അമ്മയൊടെ വാർത്തകൾ എല്ലാം നന്നായി പറഞ്ഞു കൊടുക്കുന്ന ശോഭന ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ ആൾക്ക് നാട്ടിലുള്ളവർക്ക് ആളോട് ഉള്ള മതിപ്പ് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു…. പക്ഷേ മറ്റുള്ളവരിൽ നിന്ന് കേൾക്കുന്നതല്ലാതെ ആളെ അറിയാൻ തോന്നി…. ആ ആണൊരുത്തനിൽ എന്തോ ഒരു നന്മ ഉണ്ടെന്ന് തനിക്ക് തോന്നിയിരുന്നു…. അത് ആയിരിക്കുമല്ലോ തന്നെ അവനോട് ആകർഷിച്ചത്……..
അവനിൽ മാത്രം ജീവിതം ഒതുക്കാൻ ഉള്ളം കൊതിക്കും പോലെ….ബാക്കി കേട്ടറിയുന്നതൊന്നും തന്റെ അവനോട് ഉള്ള പ്രണയത്തെ ഉലയ്ക്കാൻ കെൽപ്പില്ലാത്തത് ആണെന്ന് തോന്നി …. ഈ പറയുന്നതൊന്നും അയാളുടെ തെറ്റ് ആണെന്ന് തോന്നിയില്ല….. അമ്മ ചെയ്ത തെറ്റിന് അയാൾ എന്തുപിഴച്ചു, അല്ലെങ്കിൽ തന്നെ കുറ്റം പറയുന്നവർ അവരുടെ ആ സമയത്ത് സാഹചര്യത്തെ പറ്റി ചിന്തിച്ചിട്ട് ഉണ്ടാകുമോ…? എന്തുകൊണ്ടായിരിക്കും ഈ ഒരു സാഹചര്യത്തിലേക്ക് എത്തിയതെന്ന് ഒരിക്കൽപോലും ചിന്തിക്കില്ല, അത് ഇല്ലാതെയാണ് എല്ലാവരും കുറ്റം പറയുന്നത്….
ആ നിമിഷം തന്നെ ഒരു കാര്യം മാത്രം എനിക്ക് ഉറപ്പായി, ഞാൻ ഇനി ആളുടെ കാര്യം വീട്ടിൽ പറയുകയാണെങ്കിൽ അഥവാ ആൾക്ക് എന്നെ ഇഷ്ടമാണെങ്കിൽ പോലും ഞാൻ കാര്യം വീട്ടിൽ പറഞ്ഞു ആരും സമ്മതിക്കില്ല, അത്രത്തോളം മോശം പേരാണ് ആൾക്കും നാട്ടിൽ ഉള്ളത്…. വെള്ളം കുടിക്കുന്നതിനിടയിൽ ആണ് ശോഭനആന്റിയുടെ കൈതട്ടി ദാവണിലേക്ക് ജ്യൂസ് മറിഞ്ഞത്….
” മോളെ കണ്ടില്ലേ…. ആൻറി പറഞ്ഞു… ” സാരമില്ല ആന്റി…. ഞാൻ പെട്ടെന്ന് അമ്മയോട് പറഞ്ഞിട്ട് ദാവണിയുടെ തുമ്പ് കഴുകാൻ വേണ്ടി പോയി…. അത് കഴുകി തിരയുമ്പോഴാണ് അപ്രതീക്ഷിതമായി ഒരാളെ കണ്ടത്, ആരോടോ ഫോൺ വിളിച്ചു കൊണ്ട് നിൽക്കുകയാണ്…. ഏറ്റവും കാണാൻ പ്രതീക്ഷിച്ച മുഖം…. ഒരു നിമിഷം ആളോട് സംസാരിച്ചാലോ എന്ന് പോലും എനിക്ക് തോന്നി, പക്ഷേ ശരീരത്തിലൂടെ മിന്നൽ വേഗത്തിൽ വന്ന ഒരു വിറയൽ നിശബ്ദ ആക്കി കളഞ്ഞു…. ഒരു നിമിഷം അവിടെ ചലിക്കാൻ പോലും സാധിക്കാതെ ഞാൻ നിന്നെപ്പോഴാണ് ആള് തിരിഞ്ഞത്….
എന്നെ കണ്ടതും ആളും ഒന്ന് അമ്പരന്നു എന്ന് തോന്നിയിരുന്നു…. പെട്ടെന്ന് ഫോൺ കട്ട് ചെയ്തു തിരികെ പോകാൻ ഒരുങ്ങുകയാണ് ആൾ എന്ന് മനസ്സിലാക്കി ഞാൻ ഓടി മുൻപിലേക്ക് ചെന്ന് നിന്നു….. ഒരു നിമിഷം എൻറെ ആ പ്രവൃത്തി ആളെ അമ്പരപ്പിച്ചു…. രൂക്ഷമായി എൻറെ മുഖത്തേക്കൊന്നു നോക്കി…. തല ഉയർത്തി എന്ത് എന്ന് ചോദിച്ചപ്പോൾ എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു… ” ഞാൻ…. ഞാന് ദിവ്യ, പരിഭ്രമത്തിലും സന്തോഷവും കലർന്ന മുഖത്തോടെ ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു… ” അതിന് ഞാൻ എന്താ തലകുത്തി നിൽക്കണോ…? പെട്ടന്ന് ഉള്ള ആ ചോദ്യം എന്നെ ഞെട്ടിച്ചു.
.. സകല ധൈര്യവും ചോർന്നു തുടങ്ങി… ” എന്നോട് ദേഷ്യമാണോ…? ” ഞാനെന്തിനാ നിന്നോട് ദേഷ്യപ്പെടുന്നത്…. എനിക്ക് പറയാനുള്ളതൊക്കെ ഞാൻ ഇന്നലെ തന്നെ പറഞ്ഞില്ലേ, പിന്നെ അവിടെയും ഇവിടെയും നിന്നിട്ട് ഇങ്ങനെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ ആയിട്ട് എന്തിനാ വെറുതെ നോക്കുന്നത്….? എനിക്കല്ല നിനക്ക് തന്നെ നാണക്കേട്…. അല്ല കൊച്ചേ, നീ നല്ല അടക്കവും ഒതുക്കവും ഉള്ള ഒരു കൊച്ച് ആയിരുന്നല്ലോ…. എന്ന് തൊട്ട നിനക്ക് ഈ സ്വഭാവം തുടങ്ങിയത്…? താടിയിൽ വിരലോടിച്ചു ആൾ ചോദിച്ചു… ”
എന്ത് സ്വഭാവം…? ” അല്ല ഇ ങ്ങനെ ആണുങ്ങളെ പുറകെ നടക്കുന്ന സ്വഭാവം..! ഒരു നിമിഷം ആൾ അത് പറഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നിയിരുന്നു…. ഏറ്റവും പ്രിയപ്പെട്ട ഒരാളിൽ നിന്ന് ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ….. അതിൻറെ ആഘാതത്തിൽ ആവണം കണ്ണുകൾ നനഞ്ഞു പോയിരുന്നു…. ഞാൻ കരഞ്ഞപ്പോൾ ആളും വല്ലാതെ ആയെന്നു തോന്നുന്നു, ” താൻ കരയാണോ…? ആൾ പെട്ടന്ന് ചോദിച്ചു….
” ഞാനെങ്ങനെ ആണുങ്ങളുടെ പുറകെ നടക്കുന്ന ഒരാൾ അല്ല, ആരുടെയും പുറകെ നടന്നിട്ടില്ല, ആദ്യായിട്ട് എനിക്ക് ഇഷ്ടം തോന്നിയത് ഈ ആളോട്, മൂന്നാല് കൊല്ലമായി, ഇനി പറഞ്ഞില്ലെങ്കിൽ ഹൃദയം പൊട്ടി പോകും എന്ന് തോന്നി… ചേട്ടൻറെ കല്യാണം കഴിയുമെന്ന് നീതുവും പറഞ്ഞു….പിന്നെ ഞാൻ വെറുതെ ഇങ്ങനെ ഇത് മനസ്സിൽ കൊണ്ടു നടന്നിട്ട് കാര്യമില്ലല്ലോ, അത് കൊണ്ടാണ് ഞാൻ പറയാൻ വേണ്ടി തീരുമാനിച്ചത്, എനിക്ക് അത്രയ്ക്ക് ഇഷ്ടമുണ്ട് അതാണ് ഞാൻ പറഞ്ഞത്…. അല്ലാതെ ഞാൻ അങ്ങനെ മോശപ്പെട്ട പെണ്ണ് അല്ല…. അത് പറഞ്ഞപ്പോഴേക്കും വാക്കുകൾ ഇടറി തുടങ്ങിയിരുന്നു, ആ നിമിഷം തന്നെ കണ്ണിൽ നിന്ന് ഒരു നീർമുത്ത് താഴേക്ക് വീഴുകയും ചെയ്തു… ഒരു നിമിഷം എൻറെ കരച്ചിൽ കണ്ട് ആൾ വല്ലാതെ ആയി എന്ന് തോന്നുന്നു… കാത്തിരിക്കൂ…🎶…
തുടരും…………