Recipe

അഹാന കൃഷ്ണ ഹിറ്റാക്കിയ മാംഗോ സ്റ്റിക്കി റൈസ് തയ്യാറാക്കാം അഞ്ച് മിനിട്ടില്‍-ahana krishna’s favourite mango sticky rice recipe

കേരളത്തിലും തരംഗമായി മാറുകയാണ് തായ് വിഭവമായ മാംഗോ സ്റ്റിക്കി റൈസ്. പരമ്പരാഗത തായ് ഡെസ്സേര്‍ട്ടാണ് മാംഗോ സ്റ്റിക്കി റൈസ്. തായ് റാപ്പര്‍ മില്ലിയാണ് ഈ വിഭവത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലാക്കിയത്. എന്നാല്‍ മലയാളികള്‍ക്ക് ഈ വിഭവം കൂടുതല്‍ പരിചിതമാക്കിയത് നടിയും വ്‌ളോഗറും ആയ അഹാന കൃഷ്ണയാണ്. ബാങ്കോക്ക് യാത്രയ്ക്കിടയില്‍ അഹാന കഴിച്ച ഈ ഡെസേര്‍ട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വളരെ കുറച്ച് ചേരുവകള്‍ മാത്രമേ ഇതിന് ആവശ്യമായി വരുന്നുളളു. ഒരുപാട് സമയം എടുക്കാതെ പെട്ടന്ന് തന്നെ ഉണ്ടാക്കാന്‍ കഴിയുന്നൊരു വിഭവം കൂടിയാണിത്.

ആവശ്യമായ ചേരുവകള്‍

സ്റ്റിക്കി റൈസ്- അരകപ്പ്

തേങ്ങാപ്പാല്‍- 1 കപ്പ്

പഞ്ചസാര- 5 ടേബിള്‍ സ്പൂണ്‍

ഉപ്പ്- കാല്‍ ടീസ്പൂണ്‍

കോണ്‍ഫ്‌ളവര്‍- അര ടേബിള്‍ സ്പൂണ്‍

നന്നായി പഴുത്ത മാങ്ങ- 1

എള്ള് വറുത്തത്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റിക്കി റൈസ് നന്നായി കഴുകിയതിനു ശേഷം കുക്കറില്‍ വേവിച്ചെടുക്കുക. ശേഷം ഒരു പാനില്‍ തേങ്ങാപ്പാല്‍, പഞ്ചസാര, ഉപ്പ് എന്നിവ ചൂടാക്കുക. പഞ്ചസാര പൂര്‍ണ്ണമായും അലിയുന്നതുവരെ ചൂടാക്കുക. വേവിച്ച ചോറിലേക്ക് ചൂടാക്കി വച്ച തേങ്ങാപ്പാല്‍- പഞ്ചസാര മിശ്രിതം അല്‍പ്പം ചേര്‍ക്കുക. നന്നായി ഇളക്കി മൂടി വയ്ക്കുക. ബാക്കിയുള്ള മിശ്രിതം വീണ്ടും ചെറിയ തീയില്‍ വയ്ക്കുക, അതിലേക്ക് കോണ്‍ഫ്‌ലോര്‍ ചേര്‍ത്ത് നന്നായി കുറുകി വരുന്ന വരെ ചൂടാക്കുക. ശേഷം നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആകൃതിയില്‍ മാമ്പഴം മുറിക്കുക. തയ്യാറാക്കി വച്ച റൈസ് ഒരു ചെറിയ ബൗളില്‍ എടുത്ത് സ്പൂണ്‍ ഉപയോഗിച്ച് നന്നായി അമര്‍ത്തുക. ശേഷം ആ പാത്രത്തിന്റെ ഷേപ്പില്‍ മോള്‍ഡ് ചെയ്ത റൈസ് പ്ലേറ്റിലേക്ക് സെര്‍വ് ചെയ്യുക. ചുറ്റും മാമ്പഴം വച്ച് അലങ്കരിക്കുക. ചോറിനും മാമ്പഴത്തിനും മുകളിലായി കോണ്‍ഫ്‌ളെവര്‍- തേങ്ങാപ്പാല്‍- പഞ്ചസാര മിശ്രിതം ഒഴിക്കുക. വറുത്ത എള്ള് കൂടി വിതറി അലങ്കരിച്ചതിനു ശേഷം കഴിക്കാം.