ഏഥന്‍സിന്റെ സമീപപ്രദേശത്ത് സ്ഥിതിചെയ്യുന്ന പര്‍വത വനമേഖലയില്‍ കാട്ടുതീ ആളിപ്പടര്‍ന്നു. ഗ്രീക്ക് തലസ്ഥാനത്ത് നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പര്‍ണിത പര്‍വതത്തിലാണ് കാട്ടുതീ ഉണ്ടായത്. ശക്തമായ കാറ്റില്‍ തീ ആളിപ്പടരുകയായിരുന്നു. ഏകദേശം 80 അഗ്‌നിശമന സേനാംഗങ്ങള്‍, 10 ജലവാഹിനി വിമാനങ്ങളുടെ സഹായത്തോടെയാണ് തീ അണയ്ക്കാനുളള ശ്രമം നടത്തിയത്.
പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട ഏഥന്‍സിന് മുകളില്‍ കനത്ത പുകയുടെ മേഘ വലയം ഉണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്. വീടുകള്‍ക്ക് ഒന്നും തന്നെ നിലവില്‍ തീപിടുത്ത ഭീഷണിയില്ലെന്ന് ഗവര്‍ണര്‍ പ്രസ്താവനയില്‍ അറിയിച്ചു. നിലവില്‍ സ്ഥിതി സുസ്ഥിരമാണെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ഗവര്‍ണര്‍ കോസ്റ്റാസ് സോബോസാണ് പ്രസ്താവന ഇറക്കിയത്. രാജ്യത്തുടനീളം വ്യാപകമായ ചൂടും കാറ്റും ഉള്ളതിനാല്‍, വനമേഖലകളിലേക്കുളള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചു. ഞായറാഴ്ച വരെ കാറ്റ് ശമിക്കാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
മെഡിറ്ററേനിയന്‍ രാജ്യത്ത് കാട്ടുതീ ഒരു സാധാരണ സംഭവമാണ്. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ വേനല്‍ക്കാലത്ത് വലിയ ചൂടും വരണ്ട കാറ്റുമുള്ളതിനാല്‍ അവ കൂടുതല്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു എന്നും ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങളാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. പൈന്‍ മരങ്ങളും ഫിര്‍ മരങ്ങളും തിങ്ങിപ്പാര്‍ക്കുന്ന മൗണ്ട് പര്‍ണിതയുടെ ഒരു പ്രധാന ഭാഗം 2007-ലെ തീപിടുത്തത്തില്‍ നശിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗ്രീസിലെ ഹൈഡ്ര ദ്വീപില്‍ കാട്ടുതീ പടര്‍ന്ന സംഭവത്തില്‍ 13 പേര്‍ അറസ്റ്റിലായിരുന്നു. ദ്വീപില്‍ ആഡംബര നൌകയില്‍ നിന്നുണ്ടായ കരിമരുന്ന് പ്രയോഗത്തിന് പിന്നാലെയാണ് കാട്ടുതീ പടര്‍ന്നതെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്. വിനോദ സഞ്ചാര മേഖലയില്‍ ഏറെ പേരുകേട്ട ദ്വീപാണ് ഹൈഡ്ര.