India

‘ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കുന്നു’; ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് നരേന്ദ്ര മോദിയും രാഹുല്‍ഗാന്ധിയും-Narendra modi and Rahul gandhi congratulates indian cricket team

ന്യൂ ഡല്‍ഹി: ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ രംഗത്ത്. ഇന്ത്യക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കുറിച്ച് അഭിമാനം എന്നും മോദി പറഞ്ഞു. ടൂര്‍ണമെന്റിലുടനീളം ഗംഭീരമായ പ്രകടനം നടത്തിയടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളെന്നാണ് രാഹുല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചിനെയും രോഹിത് ശര്‍മയുടെ നായക മികവിനെയും രാഹുല്‍ ദ്രാവിഡിന്റെ പരിശീലക മികവിനെയും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.

17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടി 20 ലോകകപ്പിന്റെ കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറിലെ ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ ആദ്യ പന്തില്‍ ഡേവിഡ് മില്ലര്‍ പുറത്തായതാണു കളിയില്‍ നിര്‍ണായകമായത്. സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ ക്യാച്ചിലൂടെ മില്ലറെ പുറത്താക്കുകയായിരുന്നു.

ഹെന്റിച് ക്ലാസന്‍ അര്‍ധ സെഞ്ചറി നേടി. 27 പന്തില്‍ 52 റണ്‍സെടുത്താണു താരം പുറത്തായത്. ഓപ്പണര്‍ റീസ ഹെന്റിക്‌സ് (നാല്), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (നാല്), ട്രിന്‍ സുബ്‌സ് (21 പന്തില്‍ 31), ക്വിന്റന്‍ ഡികോക്ക് (31 പന്തില്‍ 39) എന്നിവരും പുറത്തായി. ജസ്പ്രീത് ബുമ്രയെറിഞ്ഞ രണ്ടാം ഓവറില്‍ റീസ ബോള്‍ഡാകുകയായിരുന്നു. അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ ഋഷഭ് പന്ത് ക്യാച്ചെടുത്ത് മാര്‍ക്രത്തെ പുറത്താക്കി. ഡികോക്കും സ്റ്റബ്‌സും കൈകോര്‍ത്തതോടെ പവര്‍പ്ലേയില്‍ ദക്ഷിണാഫ്രിക്ക നേടിയത് 42 റണ്‍സ്. സ്‌കോര്‍ 70ല്‍ നില്‍ക്കെ സ്റ്റബ്സിനെ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ ബോള്‍ഡാക്കി. 11.3 ഓവറിലാണ് ദക്ഷിണാഫ്രിക്ക 100 പിന്നിട്ടത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. രോഹിത് ശര്‍മയുടേതുള്‍പ്പെടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ തുടക്കത്തില്‍ നഷ്ടമായെങ്കിലും വിരാട് കോലി നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.