ബാര്‍ബഡോസ്: അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കക്കെതിരെ മത്സരിച്ച് ടി20 ലോക കിരീടം നേടിയ ശേഷമായിരുന്നു കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. തന്റെ അവസാന മത്സരമായിരുന്നു ഇതെന്ന് കോലി വ്യക്തമാക്കി. ഈ ലോകകപ്പ് നേടാന്‍ ആഗ്രഹിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 59പന്തില്‍ 79 റണ്‍സാണ് കോലി ഫൈനലില്‍ നേടിയത്.
‘ഇത് എന്റെ അവസാന ടി20 ലോകകപ്പായിരുന്നു. അതുകൊണ്ടുതന്നെ ഈ ലോകകപ്പ് നേടാന്‍ ആഗ്രഹിച്ചിരുന്നു. ഇന്ത്യക്കായി കളിക്കുന്ന എന്റെ അവസാന ടി20 മത്സരമായിരുന്നു ഇത്. ഈ കിരീടം ഉയര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. അതിന് സാധിക്കുകയും ചെയ്തു. ഇനി അടുത്ത തലമുറയ്ക്ക് അവസരം നല്‍കണം. അവരാണ് ഇനി മുന്നോട്ട് കൊണ്ടുപോവേണ്ടത്. ഇതൊരു മഹത്തായ ദിവസമാണ്, ഞാന്‍ കടപ്പെട്ടിരിക്കും.’കോലി പറഞ്ഞു.
17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടി 20 ലോകകപ്പിന്റെ കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറിലെ ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ ആദ്യ പന്തില്‍ ഡേവിഡ് മില്ലര്‍ പുറത്തായതാണു കളിയില്‍ നിര്‍ണായകമായത്. സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ ക്യാച്ചിലൂടെ മില്ലറെ പുറത്താക്കുകയായിരുന്നു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. രോഹിത് ശര്‍മയുടേതുള്‍പ്പെടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ തുടക്കത്തില്‍ നഷ്ടമായെങ്കിലും വിരാട് കോലി നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.