ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട് മൂന്ന് വർഷം പിന്നിട്ടിട്ടും നീതി ലഭിച്ചില്ലെന്ന ആരോപണവുമായി കുടുംബം. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം 2021 ജൂൺ 30നാണ് എസ്റ്റേറ്റ് ലയത്തിൽ നടന്നത്. പ്രതിസ്ഥാനത്തുണ്ടായിരുന്ന അർജുനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഇരയുടെ കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ വാദം തുടങ്ങിയിട്ടില്ല. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.
കേസിലുടനീളം ദുരൂഹതകളുണ്ടായി എന്ന വാദത്തിൽ കുടുംബം ഇന്നും ഉറച്ചുനിൽക്കുന്നു. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങിയാണു കുട്ടി മരിച്ചതെന്നായിരുന്നു ആദ്യപ്രചാരണം. പോസ്റ്റ്മോർട്ടം വേണ്ടെന്നും ആവശ്യം ഉയർന്നു. എന്നാൽ വണ്ടിപ്പെരിയാർ ഗവ. ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ തന്നെ കുട്ടി ഉപദ്രവിക്കപ്പെട്ടതായി കണ്ടെത്തി. ക്രൂരപീഡനത്തിന് ഇരയായിട്ടുണ്ടെന്നും മരണം കൊലപാതകമാണെന്നും പോസ്റ്റ്മോർട്ടത്തിലൂടെ തെളിഞ്ഞു.
2021 ജൂൺ മുപ്പതിനാണ് ആറ് വയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. പ്രദേശവാസിയായ അർജുനെ പ്രതിയാക്കി സെപ്റ്റംബറിൽ പൊലീസ് കുറ്റപത്രവും സമർപ്പിച്ചു. എന്നാൽ വിചാരണ പൂർത്തിയാക്കിയ കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി കഴിഞ്ഞ ഡിസംബറിൽ അർജുനെ കുറ്റവിമുക്തനാക്കി. പൊലീസിന് വീഴ്ച പറ്റിയെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. തുടർന്ന് ഇരയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രിയും നൽകി. അഭിഭാഷകരുടെ പേരടക്കം സർക്കാരിന് സമർപ്പിച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും നിയമനം നടത്തിയിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
കേസിൽ കുറ്റ വിമുക്തനാക്കപ്പെട്ട അർജുനും കുടുംബത്തിനും പൊലീസ് സംരക്ഷണം ഒരുക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവും ഇവർക്ക് തിരിച്ചടിയായി. പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളുമായി കഴിയുമ്പോഴും ഹൈക്കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരയുടെ കുടുംബം.