കല്പറ്റ : സിദ്ധാർഥന്റെ മരണത്തിനിടയാക്കിയ സംഭവങ്ങൾ ക്യാംപസിൽ നടന്നപ്പോൾ കുറ്റകരമായ അനാസ്ഥ പുലർത്തിയെന്നുകാണിച്ച് പൂക്കോട് വെറ്ററിനറി സർവകലാശാലാ ഡീൻ പ്രൊഫ. എം.കെ. നാരായണൻ, ഹോസ്റ്റൽ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് വാർഡൻ ഡോ. ആർ. കാന്താനാഥൻ എന്നിവർക്ക് വൈസ് ചാൻസലർ പ്രൊഫ. കെ.എസ്. അനിൽ കുറ്റാരോപണമെമ്മോ നൽകി. 15 ദിവസത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ സർവീസിൽനിന്ന് പിരിച്ചുവിടുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാവും.
സിദ്ധാർഥൻ മരിച്ചതിനുപിന്നാലെ ഇരുവരെയും സസ്പെൻഡ്‌ചെയ്തിരുന്നു. ആഭ്യന്തരസമിതി അന്വേഷണറിപ്പോർട്ട് കഴിഞ്ഞദിവസം നൽകിയിരുന്നു. ഇതിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് മെമ്മോ നൽകിയത്.
ഡീൻ ഹോസ്റ്റൽ സന്ദർശിക്കുകയോ കുട്ടികളുടെ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുകയോ ചെയ്തില്ലെന്ന് റിപ്പോർട്ടിലുണ്ട്. അസി. വാർഡന് കുട്ടികളുമായി ബന്ധമുണ്ടായിരുന്നില്ലെന്നും അതിനാൽ ഗുരുതരമായ കുറ്റകൃത്യം ഹോസ്റ്റലിൽ നടന്നത് അറിയുന്നതിൽ വീഴ്ചയുണ്ടായെന്നും വിദ്യാർഥികൾ നിയമവിരുദ്ധപ്രവർത്തനങ്ങളാണ് നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്.