ബോൾട്ടൻ : യു കെയിൽ അടുത്ത അഞ്ചു വർഷത്തെ അധികാര ഭാവി നിശ്ചയിക്കുന്ന പൊതു തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രങ്ങളിൽ ഒന്നായി മായിരിക്കുകയാണ് ഇവിടുത്തെ ചെറുപട്ടണമായ ബോൾട്ടൻ. ജൂലൈ 4 – ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എം പിയായി ജനവിധി തേടുന്നവരിലെ മലയാളി സാന്നിധ്യം ശ്രീ. ഫിലിപ്പ് കൊച്ചിട്ടി ആണ് ഇപ്പോൾ വാർത്തകളിലെ താരം. മൂന്ന് മണ്ഡലങ്ങൾ ഉൾപ്പെടുന്ന ബോൾട്ടനിലെ ‘ബോൾട്ടൻ സൗത്ത് & വാക്ഡൻ’ മണ്ഡലത്തിൽ നിന്നും ‘ഗ്രീൻ പാർട്ടി’യുടെ സ്ഥാനാർഥിയായാണ് ശ്രീ. ഫിലിപ്പ് കൊച്ചിട്ടി മത്സരിക്കുന്നത്. അറുപതിനായിരത്തോളം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. വിരലിലെണ്ണാവുന്ന മലയാളികൾ മാത്രമാണ് യു കെയിലെ പൊതു തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു വരുന്നത്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതാദ്യമെങ്കിലും, യു കെയിലെ പൊതു രംഗത്തും ചാരിറ്റി – പാരസ്ഥിതിക പ്രവർത്തന രംഗത്തും സജീവ സാനിധ്യമാണ് ശ്രീ. ഫിലിപ്പ്. പ്രവർത്തന രംഗങ്ങളിൽ എല്ലാം തന്നെ, തന്റേതായ വ്യത്യസ്ത ശൈലി കൊണ്ടുവരാൻ പ്രായത്നിക്കുന്ന ഫിലിപ്പ് കൊച്ചിട്ടിയുടെ ബഹുമുഖ പ്രതിഭയ്ക്ക് അർഹിക്കുന്ന അംഗീകാരം കൂടിയാണ് ‘ബോൾട്ടൻ സൗത്ത് & വാക്ഡൻ’ മണ്ഡലത്തിൽ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന സ്ഥാനാർത്ഥിത്വം.
ശുദ്ധ വായു, പരിസ്ഥിതി സംരക്ഷണം ഉൾപ്പെടെയുള്ള കർമമേഖലയിൽ പ്രവർത്തിച്ചുകൊണ്ടു പൊതു രംഗത്തേക്ക് കടന്നു വന്ന ശ്രീ. ഫിലിപ്പ് കൊച്ചിട്ടിയുടെ നേതൃത്വത്തിൽ ബോൾട്ടൻ കേന്ദ്രീകരിച്ചു നടക്കുന്ന ചാരിറ്റി സേവനങ്ങളിലൂടെ നിരവധി ആളുകളുടെ കണ്ണീരൊപ്പാൻ സഹായകമായിട്ടുണ്ട്. കക്ഷി – രാഷ്ട്രീയ – ജാതി ഭേദമന്യേ ഇദ്ദേഹം ഏവരുടെയും പ്രീയങ്കരനാകുന്നതും ഇതൊക്കെ കൊണ്ടാണ്.
ബോൾട്ടൻ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രസിഡണ്ട് കൂടിയായ ശ്രീ. ഫിലിപ്പ് കൊച്ചിട്ടിക്ക് വലിയ പിന്തുണ നൽകികൊണ്ടും പ്രചാരണങ്ങളിൽ കരുത്തുമായി ബോൾട്ടനിലെ മലയാളി സമൂഹം ഒന്നടങ്കം കൂടെയുണ്ട്.
ഇരു പാർട്ടി ഭരണ സംവിദാനത്തോട് യു കെയിലെ ജനങ്ങളിൽ ദൃശ്യമാകുന്ന മടുപ്പും, രാജ്യത്തെ സമസ്ത വിഭാഗം ജനങ്ങളുടെ ക്ഷേമ പ്രവർത്തനം ഉൾക്കൊള്ളിച്ചു കൊണ്ടു ഗ്രീൻ പാർട്ടി തയ്യാറാക്കിയിരിക്കുന്ന പ്രകടന പത്രികയിലെ ഓരോ വാഗ്ദാനങ്ങളും ജന മനസുകളിൽ ചെലുത്തിയ വലിയ സ്വീകാര്യതയും, ജനകീയനായ സ്ഥാനാർഥി എന്ന ലേബലും, ബോൾട്ടനിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ നൽകി വരുന്ന പിന്തുണയും ചേരുമ്പോൾ, ഫിലിപ്പ് കൊച്ചിട്ടിക്ക് ശക്തമായ മത്സരം കാഴ്ചവെയ്ക്കാൻ സാധിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
തിരുവല്ലയിലെ തിരുമൂലപ്പുറം ഐരൂപ്പറമ്പിൽ കുടുംബാംഗമായ ഫിലിപ്പ് കൊച്ചിട്ടി 25 വർഷം മുംബൈയിലുള്ള ഫ്രഞ്ച് എംബസിയിലെ സേവനത്തിനു ശേഷം, 2003 – ലാണ് യു കെയിലേക്ക് കുടിയേറിയത്. തുടർന്നു യു കെയിൽ അധ്യാപക പരിശീലനം നേടുകയും അധ്യാപന രംഗത്തേക്ക് കടക്കുകയുമായിരുന്നു. അധ്യാപികയായി വിരമിച്ച ശ്രീമതി. അനില ഫിലിപ്പ് കൊച്ചിട്ടി ആണ് ഭാര്യ. ടീന, രോഹൻ എന്നിവരാണ് മക്കൾ.