പരമ്പരാഗതമായ ഒരു കേരള വെജിറ്റേറിയൻ സൈഡ് വിഭവമാണ് മത്തങ്ങ പച്ചടി. തയ്യാറാക്കാൻ വളരെ എളുപ്പവും കഴിക്കാനും രുചികരം. മത്തങ്ങ കഴിക്കുന്നത്ഹൃദയത്തിന് നല്ലതാണ്. മത്തങ്ങയിലെ നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സിഎന്നിവയെല്ലാം ഹൃദയാരോഗ്യത്തെ സഹായിക്കുന്നു.
അവശ്യമായ ചേരുവകൾ
- മത്തങ്ങ – 250 ഗ്രാം
- തേങ്ങ ചിരകിയത് – 100 ഗ്രാം
- പച്ചമുളക് – 5 എണ്ണം
- ജീരകം – 1/4 ടീസ്പൂൺ
- തൈര് – 5 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- ചുവന്ന മുളക് – 3 എണ്ണം
- കടുക് – 1/2 ടീസ്പൂൺ
- വെള്ളം – 50 മില്ലി
- കറിവേപ്പില – കുറച്ച്
- വെളിച്ചെണ്ണ – 2 ടീസ്പൂൺ
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
മത്തങ്ങ വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിക്കുക. ഒരു പാൻ എടുത്ത് അരിഞ്ഞ മത്തങ്ങ , വെള്ളം, മഞ്ഞൾ പൊടി, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് 5 മിനിറ്റ് വേവിക്കുക. വേവിച്ച മത്തങ്ങ ഒരു സ്പൂൺ കൊണ്ട് മാഷ് ചെയ്യുക. തേങ്ങയും ജീരകവും നന്നായി അരച്ചെടുക്കുക. വേവിച്ച മത്തങ്ങയിൽ ഈ പേസ്റ്റ് ചേർത്ത് തിളപ്പിക്കാൻ അനുവദിക്കുക. തിളച്ചു തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് തണുക്കാൻ അനുവദിക്കുക. മിശ്രിതത്തിലേക്ക് തൈര് ചേർത്ത് നന്നായി ഇളക്കുക.
ഒരു പാൻ ചൂടാക്കി 2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് 1/2 ടീസ്പൂൺ കടുക് ചേർക്കുക. കടുക് പൊട്ടിത്തുടങ്ങുമ്പോൾ ഉണങ്ങിയ ചുവന്ന മുളകും കറിവേപ്പിലയും ചേർക്കുക . ഇത് മത്തങ്ങ പച്ചടിക്ക് മുകളിൽ ഒഴിക്കുക. രുചികരമായ മത്തങ്ങ പച്ചടി തയ്യാർ.