മോഹന്‍ലാല്‍ ചിത്രം താണ്ഡവവും ഹരിഹരന്‍ പിള്ള ഹാപ്പിയാണ് ദിലീപ് ചിത്രം ബോഡിഗാര്‍ഡുള്‍പ്പടെ നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവ്, മലയാള ചലച്ചിത്ര ഗാനങ്ങളുടെ കാസെറ്റ് വിപണിയിലെ താരം. അങ്ങനെ തന്റെ പേരും ബാനറുമെല്ലാം മലയാളിക്ക് കാണാ പാഠമാക്കിയ നമ്മുടെ ചലച്ചിത്ര വ്യവസായത്തിലെ പ്രശസ്തനായ വ്യക്തി. പറഞ്ഞു വരുന്നത് വേറെയാരെപ്പറ്റിയുമല്ല നമ്മുടെ ജോണി സാഗരികയെക്കുറിച്ചാണ്. മലയാളി സിനിമാ പ്രേക്ഷകര്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും നല്ലപോലെ സുപരിചിതനായ ജോണി സാഗരിക ഇന്ന് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലായിട്ട് ഒരു മാസം പിന്നിടുന്നു. ശ്രദ്ധേയമായ ചിത്രങ്ങള്‍ നിര്‍മ്മിച്ച് മലയാള ചലച്ചിത്ര മേഖലയില്‍ തന്റെതായി സ്ഥാനം നേടിയെടുത്ത ജോണി സാഗരികയെ ഈ സിനിമാ ലോകം മറന്നോ? കോയമ്പത്തൂര്‍ പോലീസ് വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്ത് ജോണി സാഗരിക റിമാന്റില്‍ കിടക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു മാസം പിന്നിടുന്നു. കോടതിയില്‍ കയറിയ വിഷയമായതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന ന്യായം നിരത്തി നിര്‍മ്മാതാക്കളുടെ സംഘടന ഉള്‍പ്പടെ ജോണി സാഗരികയുടെ കേസില്‍ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. ചലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആദ്യമായിട്ടൊന്നുമല്ല നിര്‍മ്മാതാക്കളും നടന്‍മാരും മറ്റു സാങ്കേതിക വിദഗ്ധരും ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നത്. സിനിമയുടെ നഷ്ടം സംഭവിക്കുമ്പോള്‍ ഇത്തരം കേസുകള്‍ ഉണ്ടാകുന്നത് സിനിമാ ഇന്‍ഡസ്ട്രികളില്‍ പതിവാണെന്ന് നിര്‍മ്മാതക്കളുടെ സംഘടന ഉള്‍പ്പടെ പറയുമ്പോഴും കേസടക്കമുള്ള കാര്യങ്ങളില്‍ കാര്യമായ ഇടപെടല്‍ നടത്താറുണ്ട്. മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവായിട്ട് കൂടി ജോണി സാഗരികയുടെ കേസില്‍ വ്യക്തമായ ഇടപെടലുകള്‍ നടത്താത്തതിലാണ് ആക്ഷേപം ഉയരുന്നത്. ജോണി സാഗരികയുമായി ബന്ധപ്പട്ടവര്‍ പറയുന്നത് ഇതുവരെ ജയിലിലോ ഈ വിഷയത്തിലോ ഇടപെട്ട് സിനിമാ മേഖലയില്‍ നിന്നും ആരം എത്തിയിട്ടില്ലെന്നാണ്.
ഇക്കഴിഞ്ഞ മേയ് 15 നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ജോണി സാഗരകയെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്, കോയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. അറസ്റ്റിന് പിന്നാലെ ജോണിയെ കോയമ്പത്തൂര്‍ പോലീസിന് കൈമാറിയെന്ന് കേരള പൊലീസ് അറിയിച്ചു. കോയമ്പത്തൂര്‍ പോലീസ് ക്രൈംബ്രാഞ്ച് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയ്കുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയ്യാള്‍ക്കൊപ്പം മറ്റൊരു മലയാളിക്കൂടി പരാതിക്കാരനായി ഉണ്ടെന്ന് കോയമ്പത്തൂര്‍ പോലീസ് അറിയിച്ചു. നോണ്‍ സെന്‍സ് എന്ന സിനിമ നിര്‍മ്മിക്കാന്‍ നാലേകാല്‍ കോടി കൈമാറിയ പരാതിക്കാര്‍ക്ക് ആ തുക സിനിമ പുറത്തിറങ്ങിയിട്ടും ജോണി സാഗരിക തിരികെ നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് ഇരുവരും പരാതി പോലീസില്‍ നല്‍കിയിയത്. നിലവില്‍ കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ജോണി സാഗരികയെ റിമാന്റ് ചെയ്തതിനെത്തുര്‍ന്ന് ഇപ്പോല്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
പരാതിക്കാര്‍ ഉന്നയിക്കുന്ന കാശ് മുഴുവന്‍ അടച്ചാല്‍ ജയിലില്‍ നിന്നും പുറത്തുവരാമെന്ന് കോടതി അറിയിച്ചിട്ടും ജോണി സാഗരിക അതിനു മുതിര്‍ന്നില്ലെന്നും പരാതിയുണ്ട്. തവണകളാല്‍ അടയ്ക്കാനുള്ള ഒരു സാഹചര്യം നല്‍കിയെങ്കിലും അതിനും ജോണി വഴങ്ങിയില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. അതിനിടെ, തൃശൂര്‍ വരാക്കര സ്വദേശിയായ ജിന്‍സ് തോമസില്‍ നിന്ന് ജോണി സാഗരിക രണ്ട് കോടി രൂപയോളം തട്ടിയെടുത്തു എന്ന കേസ് ഇപ്പോള്‍ തൃശൂര്‍ സിജെഎം കോടതിയുടെ പരിഗണനയിലാണ്. വാങ്ങിയ പണത്തിന് ഈടായി നല്‍കിയ രണ്ടു കോടിയോളം രൂപയുടെ ചെക്കുകള്‍ മടങ്ങിയെന്നും പിന്‍വലിച്ച ബാങ്ക് അക്കൗണ്ടിന്റെ ചെക്കുകള്‍ ഉപയോഗിച്ച് തന്നെ വഞ്ചിക്കുകയായിരുന്നു എന്നും കാണിച്ചാണ് ജിന്‍സ് കോടതിയെ സമീപിച്ചത്. നിര്‍മ്മാതാവ് ജോണി തോമസിന്റെ ഉടമസ്ഥതയിലുള്ള എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ജോണി സാഗരിക എന്ന സിനിമാ കമ്പനിയിലേക്ക് തുക നിക്ഷേപിച്ചാല്‍ 25% ലാഭവിഹിതം ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ജിന്‍സ് എന്നവര്‍ 2 കോടി രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍ കമ്പനി ലാഭവിഹിതം തരുകയോ നിക്ഷേപ തുക തിരിച്ചു തരാതെ ചെക്കുകള്‍ തരുകയും തുടര്‍ന്ന് ചെക്ക് ബാങ്കില്‍ സമ്മര്‍പ്പിച്ചപ്പോള്‍ മതിയായ തുക ഇല്ലാതെ ചെക്ക് മടങ്ങിയെന്നതുമാണ് കേസ്. ദിലീപ് ചിത്രം ബോഡി ഗാര്‍ഡ്, മോസ് ആന്റ് ക്യാറ്റ്, ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്, മുപ്പത് വെള്ളിക്കാശ് തുടങ്ങിയവ ജോണി സാഗരിക നിര്‍മ്മിച്ച ചിത്രങ്ങളാണ്. ഇതിനു പുറമെ ചലച്ചിത്ര ഗാനങ്ങളുടെ കാസറ്റ് വില്‍പ്പനയിലൂടെയാണ് ജോണി സാഗരിക പ്രശസ്തനായത്. കൂടാതെ നിരവധി സംഗീത ആല്‍ബങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.
It’s been a month since ‘Johnny Sagarika’ was in jail