തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന വിവാദ പ്രസ്താവന നടത്തിയ സജി ചെറിയാനെതിരെ കെ.എസ്.യു രംഗത്ത്. പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്നും, എല്ലാവരെയും ജയിപ്പിച്ചു വിടുന്നുമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
മന്ത്രി സജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് മാപ്പു പറയാൻ തയാറാകണം. ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ തത്കാലം പത്താം ക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ടതില്ല. അങ്ങനെ എന്തെങ്കിലും സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദി സജി ചെറിയാനും വി ശിവൻകുട്ടിയും ഉൾപ്പെട്ട സംസ്ഥാന സർക്കാരുമാണ്. പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികളെ പെരുവഴിയിൽ നിർത്താതെ ആദ്യം തുടർപഠനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിന് സർക്കാർ ശ്രദ്ധ നൽകണമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
പത്താം ക്ലാസ് പാസാകുന്നവർക്ക് അക്ഷരാഭ്യാസം ഇല്ല എന്ന നിരീക്ഷണം വസ്തുതാ വിരുദ്ധമെന്നാണ് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രംഗത്തുവന്നിരുന്നു. സജി ചെറിയാന്റെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തിയെടുത്ത് വിവാദം ഉണ്ടാക്കാനാണ് ശ്രമമെന്നും ശിവൻകുട്ടി പറഞ്ഞു.
ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് സജി ചെറിയാൻ വിവാദ പ്രസ്താവന നടത്തിയത്. ജയിച്ചവരിൽ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല. പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും എസ്എസ്എൽസി തോറ്റാൽ സർക്കാറിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാർട്ടികൾ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സർക്കാറിന് നല്ല കാര്യമെന്നും സജി ചെറിയാൻ പറഞ്ഞു.