India

സമാജ്‌വാദി പാർട്ടി എം.പി അവധേഷ് പ്രസാദിനെ ഡെപ്യൂട്ടി സ്പീക്കറാക്കണം; ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്

ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി എം.പിയായ അവധേഷ് പ്രസാദിനെ ഡെപ്യൂട്ടി സ്പീക്കറാക്കണമെന്ന് തൃണമൂൽ കോൺഗ്രസ്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി എന്നിവർ തമ്മിൽ ഇക്കാര്യത്തിൽ അനൗദ്യോഗിക ചർച്ചകൾ നടന്നുവെന്നാണു വിവരം. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ എം.പിയാണ് അവധേഷ് പ്രസാദ്.

ഇന്ത്യാസഖ്യത്തിന്റെ കരുത്തു വ്യക്തമാക്കാൻ ഏറ്റവും പറ്റിയയാൾ എന്ന നിലയിലാണ് അവധേഷിന്റെ പേരുയർന്നത്. അയോധ്യ നഗരമുള്ള ഫൈസാബാദ് മണ്ഡലത്തിലെ പ്രതിനിധിയാണു ദലിത് വിഭാഗത്തിൽ നിന്നുള്ള അവധേഷ്. ഡപ്യൂട്ടി സ്പീക്കർ പദവിയിൽ താൽപര്യമില്ലെന്നു തൃണമൂൽ ഇതിനോടകം വ്യക്തമാക്കയിട്ടുണ്ട്. പ്രതിപക്ഷ നിരയിൽ കോൺഗ്രസ് കഴിഞ്ഞാൽ 37 അംഗങ്ങളുള്ള എസ്‌പിയാണു വലിയ പാർട്ടി.

ഡപ്യൂട്ടി സ്പീക്കർ പദവി തന്നാൽ ഓം ബിർലയെ സ്പീക്കർ പദവിയിലേക്കു പിന്തുണയ്ക്കാമെന്നു പ്രതിപക്ഷം ഉപാധി വച്ചെങ്കിലും ബിജെപി അംഗീകരിച്ചിരുന്നില്ല. തുടർന്നാണു കൊടിക്കുന്നിൽ സുരേഷ് സ്പീക്കർ പദവിയിലേക്കു പ്രതിപക്ഷ സ്ഥാനാർഥിയായി പത്രിക നൽകിയത്.

അതേസമയം ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഡപ്യൂട്ടി സ്പീക്കർ സ്ഥാനം ഇക്കുറിയുണ്ടാകുമോ, പദവിയുണ്ടായാൽ പ്രതിപക്ഷത്തിനു വിട്ടുനൽകുമോ എന്നീ കാര്യങ്ങളിൽ കേന്ദ്രസർക്കാരും ബിജെപിയും വ്യക്തത വരുത്തിയിട്ടില്ല. 17-ാം ലോക്‌സഭയിലും ഡെപ്യൂട്ടി സ്പീക്കർ ഉണ്ടായിരുന്നില്ല. 2019 മുതൽ ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിഞ്ഞുകിടക്കുകയാണ്.