ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വൻ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തൽ നടപടികളുമായി സി.പി.എം. പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരെ കേൾക്കാനാണ് കേന്ദ്രകമ്മിറ്റി തീരുമാനം. ജനങ്ങൾക്കിടയിൽ പാർട്ടിയോടുള്ള വിരോധം ഇല്ലാതാക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
മതസാമുദായിക സംഘടനകൾ സി.പിഎമ്മിനെതിരെ പ്രവർത്തിക്കുന്നുവെന്ന് കേന്ദ്രകമ്മിറ്റിയിൽ വിലയിരുത്തൽ ഉണ്ടായി. എന്നാൽ അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിലെ വോട്ടിൽ ചോർച്ച ഉണ്ടായി. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ തിരികെ പിടിച്ചാൽ ജനങ്ങൾ തിരിച്ചുവരുമെന്നും കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിലേറ്റ തിരിച്ചടിക്ക് ഇടയാക്കിയ പിഴവുകൾ എവിടെ സംഭവിച്ചു, തിരുത്തേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ കേന്ദ്രകമ്മിറ്റി നേരിട്ട് വിലയിരുത്തി.
ഭരണവിരുദ്ധ വികാരം ഉണ്ടായി എന്ന വാദം കെ.കെ. ശൈലജ ഉൾപ്പെടെയുള്ള നേതാക്കൾ കേന്ദ്ര കമ്മിറ്റി യോഗത്തിൽ നിഷേധിച്ചിരുന്നില്ല. തിരുത്തൽ നടപടികൾക്ക് വേണ്ട മാർഗ നിർദ്ദേശം കേന്ദ്ര നേതൃത്വം തയ്യാറാക്കി നൽകും എന്നാണ് സൂചന. നേരത്തെ പൂര്‍ത്തിയായ സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റികളിലും മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു.
കേരളത്തിൽ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിക്ക് ഭരണവിരുദ്ധ വികാരം ഇടയാക്കിയില്ല എന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. എന്നാൽ തിരിച്ചടിക്ക് ഇത് ഇടയാക്കി എന്ന വികാരമാണ് കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നത്. ഭരണവിരുദ്ധ വികാരം കാരണമായെങ്കിൽ അതും വിലയിരുത്തണം എന്നാണ് നിർദ്ദേശം. കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മാത്രമാണ് ഇതിന് ഇടയാക്കിയത് എന്ന വാദത്തോട് പല കേന്ദ്ര നേതാക്കൾക്കും യോജിപ്പില്ല.
ദേശീയതലത്തിൽ കോൺഗ്രസുമായി ചേർന്ന് നിന്നത് കേരളത്തിൽ പാർട്ടിയെ ബാധിച്ചു എന്ന വാദം സംസ്ഥാന ഘടകം ഉയർത്തിയെങ്കിലും ഇതിന് അംഗീകാരം കിട്ടിയില്ല.