കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ വാർഷിക യോഗത്തിൽ വിഷമം പങ്കുവെച്ച് മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു. സമൂഹ മാധ്യമങ്ങളിൽ തന്നെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചു. തന്നെ ബലിയാടാക്കിയിട്ടും ഒപ്പമുണ്ടായിരുന്നവർ നിശബ്ദരായി നിന്നു. ആരിൽ നിന്നും സഹായം കിട്ടിയില്ല. നിയുക്ത ഭരണ സമിതിക്ക് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടാവരുത് എന്ന് അദ്ദേഹം പറഞ്ഞു.
അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് 25 വർഷങ്ങൾക്കു ശേഷം പടിയിറങ്ങുന്നതിനു മുൻപായി അംഗങ്ങളെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ ‘പെയ്ഡ് സെക്രട്ടറി’ ആണെന്ന് ചിലർ പ്രചരിപ്പിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ ഇടവേള ബാബു പറഞ്ഞു. ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.
വലിയ പ്രതിസന്ധികളിൽ കൂടി ‘അമ്മ’ കടന്നുപോയിട്ടുണ്ട്. പലരും തന്നെ ബലിയാടാക്കി സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം ഉന്നയിച്ചപ്പോൾ ഒരാൾപോലും അതിനു മറുപടിപറഞ്ഞില്ല. അത്തരം കാര്യങ്ങൾ പറയുന്നതിനു പരിമിതിയുണ്ട്. ഈ പദവിയിലിരിക്കുന്ന ആളിനുവേണ്ടി മറ്റുള്ളവരായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. വരുന്ന ഭരണസമിതിയിലുള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടുമ്പോൾ പിന്തുണ കൊടുക്കണമെന്നും ഇടവേള ബാബു ആവശ്യപ്പെട്ടു.
തനിക്ക് ശമ്പളം തരണമെന്ന് ആദ്യമായി പറഞ്ഞതു ജഗതി ശ്രീകുമാറാണെന്ന് ഇടവേള ബാബു ചൂണ്ടിക്കാട്ടി. എന്നാൽ, അക്കാര്യം മുന്നോട്ടു പോയില്ല. അതിനുശേഷം ഒൻപതു വർഷം മുൻപു മാത്രമാണു 30,000 രൂപ വീതം അലവൻസ് തരാൻ തീരുമാനിക്കുന്നത്. പിന്നീട് കഴിഞ്ഞ ഭരണസമിതിയാണ് അത് 50,000 രൂപയാക്കിയത്. അതിൽ 20,000 രൂപ ഡ്രൈവറിനും 20,000 രൂപ ഫ്ലാറ്റിനുമാണ് നൽകുന്നത്. 10,000 രൂപ മാത്രമാണ് തന്റെ ഉപയോഗത്തിന് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കാൽനൂറ്റാണ്ടായി വിവിധ സ്ഥാനങ്ങളിലായി അമ്മയെ നയിച്ച വ്യക്തിയാണ് ഇടവേള ബാബു. നിരവധി കമ്മിറ്റികൾ ഉണ്ടെങ്കിലും സംഘടനാഭാരം ഒറ്റയ്ക്ക് ചുമക്കേണ്ടി വരുന്നത് മൂലമാണ് അദ്ദേഹം സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്. നേരത്തെയും അദ്ദേഹം സ്ഥാനമൊഴിയാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയുടെ നിർബന്ധത്തെ തുടർന്ന് അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു. 24 വർഷം അമ്മയുടെ സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സംഘടനയെ നയിച്ചതിന് ഇടവേള ബാബുവിനെ പൊതുയോഗത്തിൽ വെച്ച് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ആദരിച്ചിരുന്നു.
സിദ്ദിഖ് ആണ് ഇടവേള ബാബുവിന്റെ പിൻഗാമിയായ പുതിയ ജനറൽ സെക്രട്ടറി. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്. ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ‘അമ്മ’യുടെ മൂന്ന് വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണ് ഞായറാഴ്ച നടന്നത്.