മുംബയ്: ഐസിസി ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വമ്പന്‍ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ വിശ്വകിരീടം നേടിയ ടീമിന് 125 കോടി രൂപയുടെ സമ്മാനമാണ് നല്‍കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഐസിസി പുരുഷ ടി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ജയ് ഷാ കുറിച്ചു. ടൂർണമെന്റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. എല്ലാ കളിക്കാർക്കും പരിശീലകർക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ബഡോസില്‍ നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച രോഹിത് ശര്‍മ്മയും സംഘവും 11 വര്‍ഷം നീണ്ടുനിന്ന ഐസിസി കിരീട വരള്‍ച്ചയ്ക്കും അന്ത്യം കുറിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍വി വഴങ്ങാതെയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.
ഐസിസി ട്വന്റി 20 ലോകകപ്പുകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു ടീം എല്ലാ മത്സരങ്ങളും വിജയിച്ച് കിരീടം നേടുന്നത്. ഈ എഡിഷനില്‍ കാനഡയ്ക്ക് എതിരെ ഒരു മത്സരം മഴ കാരണം ഉപേക്ഷിച്ചതൊഴിച്ചാല്‍ ഒരു കളിയും ഇന്ത്യക്ക് നഷ്ടമായിരുന്നില്ല. ഫൈനലിലെ ഇന്ത്യയുടെ എതിരാളികളായിരുന്ന ദക്ഷിണാഫ്രിക്കയും അപരാജിതരായിട്ടാണ് എത്തിയത്.
നേരത്തെ, ടി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും സമ്മാനത്തുകയായി ലഭിച്ചതും കോടികളാണ്. ഫൈനലില്‍ ഇന്ത്യയോട് ഏഴ് റണ്ണിന് തോറ്റ് റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്ക് 1.28 മില്യണ്‍ ഡോളര്‍ (ഏകദേശം10.67 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്കും കോടികള്‍ സമ്മാനമായി ലഭിച്ചു. 2.45 മില്യണ്‍ ഡോളര്‍ (ഏകദേശം 20.42 കോടി രൂപ) ആണ് ജേതാക്കളായ ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത്. കിരീടം നേടിയ ഇന്ത്യക്കും റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്കും പുറമെ സെമിയില്‍ ഇന്ത്യയോട് പരാജയപ്പെട്ട ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട അഫ്ഗാനിസ്ഥാനും കോടികള്‍ സമ്മാനമായി ലഭിച്ചു. ഇരു ടീമുകള്‍ക്കും 787,500 ഡോളര്‍( ഏകദേശം 6.5 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്.