ന്യൂഡൽഹി: നീറ്റ് – യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഗോധ്രയിലെ സ്വകാര്യ സ്‌കൂൾ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തു. ജയ് ജലറാം സ്‌കൂൾ ഉടമ ദീക്ഷിത് പട്ടേലിനെയാണ് വസതിയിൽനിന്ന് സിബിഐ സംഘം അറസ്റ്റ് ചെയ്തത്.
പരീക്ഷ എഴുതാൻ സഹായിക്കാൻ വിദ്യാർഥികളിൽനിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിലാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്. ഈ കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ് പട്ടേൽ. ജയ് ജലറാം സ്‌കൂൾ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. പട്ടേലിന്റെ റിമാൻഡ് ആവശ്യപ്പെട്ട് സിബിഐ സംഘം അഹമ്മദാബാദിലെ കോടതിയെ സമീപിച്ചതായി പബ്ലിക്ക് പ്രോസിക്യൂട്ടർ രാകേഷ് താക്കൂർ വ്യക്തമാക്കി.
‘കേസ് ഗുജറാത്ത് സർക്കാർ സിബിഐക്ക് കൈമാറിയതിനാൽ, ദീക്ഷിത് പട്ടേലിനെ അഹമ്മദാബാദിലെ നിയുക്ത കോടതിയിൽ ഹാജരാക്കുമെന്നും, താക്കൂർ പറഞ്ഞു. മെയ് അഞ്ചിന് നീറ്റ്-യുജി പരീക്ഷ നടന്ന നിയുക്ത കേന്ദ്രങ്ങളിലൊന്നാണ് ജയ് ജലറാം സ്‌കൂൾ. പരീക്ഷയിൽ വിജയിക്കാൻ വിദ്യാര്‍ഥികളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ് പട്ടേൽ.
ശനിയാഴ്‌ച (ജൂണ്‍ 29) ഗുജറാത്തിലെ ഏഴ് സ്ഥലങ്ങളിൽ സിബിഐ നടത്തിയ പരിശോധനയിൽ മാധ്യമപ്രവർത്തകനെ അറസ്‌റ്റ് ചെയ്‌തിരുന്നു. പേപ്പർ ചോർച്ച കേസിൽ പ്രതികളായ ഹസാരിബാഗ് സ്‌കൂളിലെ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും സഹായിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് ഹിന്ദി പത്രത്തിലെ മാധ്യമപ്രവർത്തകനായ ജമാലുദ്ദീൻ അൻസാരി അറസ്‌റ്റിലായത്.
മെഡിക്കൽ പ്രവേശന പരീക്ഷ പേപ്പർ ചോർന്ന കേസിൽ ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പൽ എഹ്‌സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവരെ സിബിഐ അറസ്‌റ്റ് ചെയ്‌തിരുന്നു.