ന്യൂഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബാർ കൗൺസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. നിയമങ്ങൾ ഭരണഘടനാവിരുദ്ധമെന്ന് ബാർ കൗൺസിൽ കത്തിൽ ആരോപിക്കുന്നു. സുപ്രീംകോടതി വിധിക്കെതിരായ നിയമങ്ങൾ വരെ നടപ്പാക്കാൻ ഒരുങ്ങുന്നുവെന്നും കത്തിൽ പറയുന്നു.
ഇന്ന് അർധരാത്രി മുതലാണ് രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരുന്നത്. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ ചരിത്രമാകും. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത, ( BNS), സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത (BNSS) ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (BSA) യും നിലവിൽ വരും.
പാർലമെന്ററി സമിതിയുടെ ശുപാർശകൾ പരിഗണിച്ച്, മാറ്റത്തോടെയുള്ള ബില്ലുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2023 ഡിസംബർ 12നാണ് ലോക്സഭയിലവതരിപ്പിച്ചത്. സാമൂഹിക യാഥാർത്ഥ്യങ്ങളും, മാറുന്ന കാലത്തെ കുറ്റകൃത്യങ്ങളും കണക്കിലെടുത്താണ് പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഭരണഘടന ഉയർത്തിപിടിക്കുന്ന ആശയങ്ങളുടെ പിൻബലത്തിലാണ് നിയമനിർമ്മാണമെന്നും കേന്ദ്രം വ്യക്തമാക്കി. നിയമങ്ങളുടെ ശരീരവും ആത്മാവും പൂർണമായി ഇന്ത്യനാണെന്ന് അമിത് ഷാ പറഞ്ഞു.