Crime

ടിക്കറ്റെടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കുനേരെ അസഭ്യവര്‍ഷം; പ്രതി പിടിയില്‍

അടൂര്‍: ടിക്കറ്റെടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത കെഎസ്‌ആര്‍ടിസി കണ്ടക്ടറെ അസഭ്യം പറഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. കൊട്ടാരക്കര ഇഞ്ചക്കാട് സ്വദേശി ഷിബുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ സ്വകാര്യ റോഡ് നിര്‍മ്മാണ കമ്പനിയിലെ സൂപ്പര്‍വൈസറാണ്.

കായംകുളം-അടൂര്‍ റൂട്ടില്‍ ഓടുന്ന കെഎസ്‌ആര്‍ടിസി ബസിലെ കണ്ടക്ടര്‍ മനീഷിനാണ് ദുരനുഭവമുണ്ടായത്. ശനിയാഴ്ച രാത്രി 8.45ഓടെ പഴകുളം ഭാഗത്തായിരുന്നു സംഭവം. ടിക്കറ്റ് മെഷിനിലെ കണക്കും ബസിലെ യാത്രക്കാരുടെ കണക്കും തമ്മില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് കണ്ടക്ടര്‍ ഓരോ യാത്രക്കാരുടെയും അടുത്തെത്തി ആരെങ്കിലും ടിക്കറ്റ് എടുക്കാത്തതായിട്ടുണ്ടോയെന്ന് അന്വേഷിച്ചു.

ഇതിനിടയിലാണ് ടിക്കറ്റ് എടുക്കാതിരുന്ന ഷിബു കണ്ടക്ടര്‍ക്കു നേരെ തിരിഞ്ഞത്. കണ്ടക്ടറെ അസഭ്യം പറഞ്ഞ ഷിബു ശമ്പളം കിട്ടാത്ത നിനക്കിത്ര അഹങ്കാരമോ, നിന്റെ വീട്ടില്‍ കഞ്ഞിവച്ചിട്ടുണ്ടോ എന്നിങ്ങനെയെല്ലാം പറഞ്ഞ് കണ്ടക്ടറെ അപമാനിക്കുകയും ചെയ്തിരുന്നു.

കണ്ടക്ടറെ അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്യുമ്പോള്‍ താന്‍ മദ്യലഹരിയിലായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയേക്കും.