തിരുവനന്തപുരം: സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനത്തിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. 6 സർവകലാശാലകളിൽ വിസി നിയമനത്തിനു ഗവർണർ സമിതി രൂപീകരിച്ച സാഹചര്യത്തിൽ കോടതിയിൽ സംസ്ഥാന സർക്കാർ എടുക്കുന്ന നിലപാട് നിർണായകമാകും.
സർക്കാരാണോ സർവകലാശാലകളാണോ കോടതിയെ സമീപിക്കേണ്ടതെന്ന കാര്യത്തിൽ സർക്കാരിന് ഇനിയും വ്യക്തത വന്നിട്ടില്ല. അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. കോടതി കേസ് പരിഗണിക്കുന്ന വേളയിൽ സർക്കാരിനു തങ്ങളുടെ നിലപാട് അറിയിക്കേണ്ടിവരും. എല്ലാ സർവകലാശാലകളിലും വൈസ് ചാൻസലർ നിയമനത്തിനു നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടു ഡോ. മേരി ജോർജാണു ഹർജി നൽകിയത്.
വിസി നിയമനത്തിനു സമിതികൾ രൂപീകരിച്ചതു വഴി താനെടുത്ത നടപടികൾ കോടതിയെ അറിയിക്കാൻ ഗവർണർക്കും സാധിക്കും. അതേസമയം, യുജിസിയുടെ ചട്ടങ്ങളിൽ സമിതിയെ ആരു നിയമിക്കണമെന്നു വ്യക്തമാക്കിയിട്ടില്ലെന്നും അതിനാൽ ഗവർണർക്കു സമിതി രൂപീകരിക്കാൻ അധികാരമില്ലെന്നുമാണു സർക്കാരിന്റെ വാദം.