തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ആർ ബിന്ദു അധ്യക്ഷയാകും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിർണായക ചുവടുവപ്പ് എന്ന രീതിയിലാണ് സർക്കാർ നാല് വർഷ ബിരുദം അവതരിപ്പിക്കുന്നത്.കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും എന്ന പ്രഖ്യാപനത്തോടെയാണ് നാല് വർഷ ബിരുദത്തിന് സർക്കാർ തുടക്കമിടുന്നത്.
തൊഴിൽശേഷി വളർത്തലും ഗവേഷണപ്രവർത്തനങ്ങളും സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയാണ് നാല് വർഷ ബിരുദത്തിൽ മുന്നോട്ടുവയ്ക്കുന്നത് . വിദ്യാർഥികൾക്ക് അഭിരുചിക്ക് അനുസരിച്ച് പഠനവിഷയം തെരഞ്ഞെടുക്കാം എന്നതും കോഴ്‌സിൻ്റെ പ്രത്യേകതയാണ്. അതേസമയം, പുതിയ പദ്ധതിക്കെതിരെ വിമർശനങ്ങളും മറുവശത്ത് ഉയരുന്നുണ്ട്. വേണ്ടത്ര തയ്യാറെടുപ്പുകൾ ഇല്ലാതെ തുടങ്ങുന്ന പദ്ധതി തിരിച്ചടിയാകും എന്നാണ് ആരോപണം.