കേരള തീരത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കടലാക്രമണവും തീരശോഷണവും സംബന്ധിച്ചുള്ള പ്രമേയം, ചട്ടം 377 പ്രകാരം ലോക്‌സഭയില്‍, ഉന്നയിക്കാനുള്ള അനുമതി നല്‍കാത്ത സ്പീക്കറുടെ നടപടി ഏറെ ദുഃഖകരമാന്നെന്നും പ്രമേയം സംബന്ധിച്ച് തയ്യാറാക്കിയ കുറിപ്പ് ലോക്സഭയുടെ മേശപ്പുറത്തുവച്ചുവെന്നും ഇത് ലോക്സഭാ രേഖകളിലുണ്ടാകുമെന്നും ഡോ. ശശി തരൂര്‍ അറിയിച്ചു. തീരദേശ ജനത അനുഭവിക്കുന്ന ദുരിതം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. തീരദേശ ജനതയോട് കൂടുതല്‍ അനുഭാവപൂര്‍വമായ പരിഗണന കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകണം. കേരളത്തില്‍ തുടരുന്ന തീരദേശ ശോഷണമെന്ന വിപത്തിനെക്കുറിച്ചും ആധുനികവും ശാസ്ത്രീയവുമായ മാര്‍ഗങ്ങളിലൂടെ തീരം സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര ആവശ്യത്തെക്കുറിച്ചും ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതായിരുന്നു പ്രമേയാവതരണത്തിലൂടെ ലക്ഷ്യമിട്ടത്.
എല്ലാ വര്‍ഷവും മണ്‍സൂണ്‍ കാലത്തു കടല്‍ക്ഷോഭം വര്‍ദ്ധിക്കുകയും തിരുവനന്തപുരം മണ്ഡലത്തിലെ കടല്‍ത്തീരങ്ങള്‍ കടല്‍ കവരുകയും വീടുകള്‍ നശിപ്പിക്കുകയും ചെയ്യുന്നു. തീരദേശത്ത് പരമ്പരാഗതമായി അധിവസിക്കുന്ന , മത്സ്യത്തൊഴിലാളി സമൂഹം സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലാണ്, അവരുടെ ഉപജീവനവും നിലനില്‍പ്പും ഭീഷണിയിലാണ്. കടല്‍ക്ഷോഭം അവര്‍ക്കു തീരാ ദുരിതമായി മാറുകയാണ്. ഓഖി ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ വഷളായ പൊഴിയൂരിനും പൂവാറിനും ഇടയിലും, വലിയതുറ മേഖലയിലും, വലിയതുറ-ചെറിയതുറ സ്ട്രെച്ചിലും ഉള്ള തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തി ഇല്ലാത്ത അവസ്ഥയാണ്. മത്സ്യബന്ധന തുറമുഖങ്ങളുടെ കുറവ് മൂലം സ്ഥിതി കൂടുതല്‍ രൂക്ഷമാകുന്നു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റല്‍ എന്‍ജിനീയറിങ് ഓഫ് ഫിഷറിയിലൂടെയും പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയിലൂടെയും പരിഹാര നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിട്ടും നാളിതുവരെ അത് പാലിക്കപ്പെട്ടിട്ടില്ല.
ഈ വിഷയത്തില്‍ ഡോ. ശശിതരൂര്‍ പലതവണ പാര്‍ലമെന്റില്‍ ഇടപെടലുകള്‍ നടത്തിയിട്ടും തീരദേശ ശോഷണം തടയാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടികള്‍ ഉണ്ടാകുന്നില്ല. തീരദേശ സമൂഹങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനും തീരശോഷണം ചെറുക്കുന്നതിനുമായി കടല്‍ഭിത്തികള്‍, പുലിമുട്ടുകള്‍, മത്സ്യബന്ധന തുറമുഖങ്ങള്‍ എന്നിവയുടെ സമഗ്രമായ ഒരു ശൃംഖല ഉടനടി നിര്‍മ്മിക്കണമെന്ന് തരൂര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഭാവി സംരക്ഷിക്കുന്നതിനും ഇന്ത്യന്‍ ഭൂപ്രദേശം കടല്‍ എടുത്തു പോയി കൂടുതല്‍ നഷ്ടം ഉണ്ടാകുന്നത് തടയുന്നതിനും അടിയന്തിര നടപടികള്‍ ഉണ്ടാകണം. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് മാത്രം ഇതുവരെ 64 ചതുരശ്ര കിലോമീറ്ററിലധികം കടലില്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ കണക്ക് എന്നും ലോക്‌സഭയുടെ മേശപ്പുറത്ത് വച്ച കുറിപ്പില്‍ ഡോ. ശശി തരൂര്‍ ചൂണ്ടിക്കാട്ടി.