കേരളത്തില്‍ കാലവര്‍ഷം കനത്തതോടെ പനിബാധിതരുടെ എണ്ണവും കുത്തനേ കൂടി. ദിവസവും പതിനായിരത്തിലേറെ പേരാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്. ജൂണില്‍ മാത്രം പനി ബാധിതര്‍ 2.29 ലക്ഷമാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞ ദിവസം 11,187 പേരാണ് പനിക്ക് ചികിത്സ തേടിയത്. മലപ്പുറത്താണ് കൂടുതല്‍ 1719 പേര്‍. തിരുവനന്തപുരത്ത് 1279, പാലക്കാട് 1008. ജൂണില്‍ 2013 ആയി. അതില്‍ ഡെങ്കിപ്പനി ബാധിതരും കൂടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 1075 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂണ്‍ 26ന് മാത്രം 182 പേര്‍ക്ക് ഡെങ്കി കണ്ടെത്തി. ഡെങ്കി കൂടുതല്‍ ഉള്ളത് എറണാകുളത്താണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലും കൂടുകയാണ്. മേയില്‍ ഡെങ്കി വന്നത് 1150 പേര്‍ക്കായിരുന്നു. ജൂണില്‍ ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എന്‍ 1 ബാധിച്ച് 26 പേരാണ് മരിച്ചത്. മഴക്കാലപൂര്‍വ ശുചീകരണത്തിലെ പാളിച്ചയാണ് പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിപ്പിച്ചത്. പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ കേരളത്തില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ മഴക്കാല പൂര്‍വ്വ ശുചീകരണ ജോലികള്‍ ചെയ്തിരുന്നില്ല. ഇക്കാരണത്താല്‍ കൊതുകുകള്‍ മുട്ടയിട്ട് വിരിയാനുള്ള സാഹചര്യം ഒരുക്കിയെന്ന് ആക്ഷേപമുണ്ട്.
മേയിലേക്കാള്‍ മൂന്നര മടങ്ങ് എച്ച്1എന്‍1 കേസുകളുമുണ്ടായി. 217 എച്ച്1 എന്‍1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 33 പേര്‍ക്ക് ഇന്നലെ എച്ച്1 എന്‍1 വണ്‍ സ്ഥിരീകരിച്ചു. 50 ശതമാനം ആശുപത്രികളില്‍ മാത്രമേ പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുള്ളൂ. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തത് പ്രതിസന്ധി സങ്കീര്‍ണമാക്കുന്നു. ജൂണില്‍ മാത്രം പനി ബാധിതര്‍ 2.29 ലക്ഷമാണ്. പനി 2,29772 മരണം ഏഴ്, ഡെങ്കിപനി 2013 മരണം 3, എലിപ്പനി 268 മരണം 18, എച്ച്.വണ്‍.എന്‍.വണ്‍ 308 മരണം 5, മഞ്ഞപിത്തം 542 മരണം 5, മന്ത് 1714 മരണമില്ല, ഷിഗില്ല 23 മരണമില്ല, വെസ്റ്റ് നൈല്‍ 5 പേര്‍ക്ക് രണ്ടു മരണവും സംസ്ഥാനത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കി പകരാതിരിക്കാന്‍ കൊതുകിന്റെ ഉറവിട നശീകരണം അത്യാന്താപേക്ഷിതമാണ്. എങ്ങും വെള്ളം കെട്ടി നില്‍ക്കരുത്, രാവിലെയും വൈകിട്ടും ജനാലയും വാതിലും അടച്ചിടണം, കൊതുകിനെ തുരത്താന്‍ വീട്ടില്‍ പുകയ്ക്കണം, ജനാലകളിലും വാതിലുകളിലും വല ഉപയോഗിക്കണം, പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവ വലിച്ചെറിയരുത്, പൂച്ചട്ടികളുടെയും ഫ്രിഡ്ജിന് അടിയിലെയും ട്രേയിലെ വെള്ളത്തില്‍ കൊതുക് മുട്ടയിടും, കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കണം, കൊതുക് വല, ലേപനങ്ങള്‍ ഉപയോഗിക്കണം, പനിയുള്ളവര്‍ കൊതുകുകടി ഏല്‍ക്കരുത്. ഉറവിടത്തില്‍ത്തന്നെ കൊതുക് പെരുകുന്നത് കുറയ്ക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ‘ഗപ്പി ഗംഭീരം’ എന്ന കാമ്പയിന്‍ ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിച്ചു വരുന്നു. കൊതുക് പെരുകുന്നത് നിയന്ത്രിക്കാന്‍ തുറസ്സായ സ്ഥലങ്ങളിലെ ജലസംഭരണികളില്‍ ഗപ്പികളെ അവതരിപ്പിക്കും. ജില്ലാ ആരോഗ്യവകുപ്പ് ഫിഷറീസ് വകുപ്പിനും കത്തെഴുതും. വെള്ളത്തിലെ ഗപ്പിയുടെ ലഭ്യത കൊതുകുകളുടെ പ്രജനനത്തെ ചെറുക്കും, ദീര്‍ഘകാല ഫലങ്ങള്‍ ഉറപ്പാക്കും. ജില്ലയിലെ ഡെങ്കിപ്പനി ബാധിത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യ കേന്ദ്രങ്ങളുടെ സഹകരണത്തോടെ വാര്‍ഡ് തലത്തില്‍ പ്രചാരണം നടത്താനും ആരോഗ്യ വകുപ്പിന് പദ്ധതിയുണ്ട്.
With the heavy rains in Kerala, the number of fever patients also increased.