ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ ലോക്സഭയിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഭയത്തിലാണെന്നും നിങ്ങൾ ന്യൂനപക്ഷങ്ങളെയും മുസ്ലിംകളേയുമടക്കം ആക്രമിക്കുകയാണെന്നും വെറുപ്പ് പടർത്തുകയാണെന്നും രാഹുൽ തുറന്നടിച്ചു.
ഭരണഘടനയെ വാഴ്ത്തുക എന്നർത്ഥം വരുന്ന ‘ജയ് സൻവിധാൻ’ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 18-ാം ലോക്സഭയിലെ തന്റെ കന്നിപ്രസംഗം ആരംഭിച്ചത്. ബിജെപിയുടെ ജയ് ശ്രീറാം വിളികൾക്ക് നടുവിലായിരുന്നു രാഹുൽ ഗാന്ധി പ്രസംഗിക്കാൻ എഴുന്നേറ്റത്.
‘ന്യൂനപക്ഷങ്ങൾ ഭയത്തിലാണ്. കോൺഗ്രസ് നിങ്ങളെ ഭയക്കുന്നില്ല. നിങ്ങൾ കോൺഗ്രസിനെയാണ് ഭയക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെ, മുസ്ലിംകൾക്കെതിരെ, സിഖുകാർക്കെതിരെ, ക്രിസ്ത്യാനികൾക്കെതിരെ നിങ്ങൾ ആക്രമണം നടത്തുകയും വെറുപ്പ് പടർത്തുകയും ചെയ്യുന്നു’- രാഹുൽ പറഞ്ഞു.
‘ന്യൂനപക്ഷങ്ങൾ എന്ത് ചെയ്തു. അവർ ദേശഭക്തരാണ്. അവർ നമ്മുടെ രാജ്യത്തോടൊപ്പം പാറ പോലെ നിലയുറപ്പിച്ചിരിക്കുന്നു. എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളെയും നിങ്ങൾ ആക്രമിച്ചു. അവർക്കെതിരെ നിങ്ങൾ അക്രമവും വെറുപ്പ് പടർത്തുന്നു’- അദ്ദേഹം വ്യക്തമാക്കി. ഹിന്ദുക്കളുടെ പേരുപറഞ്ഞ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ പരമശിവന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഭരണഘടനയ്ക്കുമേല്‍ തുടര്‍ച്ചയായ ആക്രമണമുണ്ടായി. ബിജെപിയുടെ ആശയത്തെ എതിര്‍ക്കുന്നവരെ ആക്രമിക്കുകയാണ്. ജനങ്ങളും താനും ആക്രമിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് താന്‍ ആക്രമിക്കപ്പെട്ടത്. 55 മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തത് താന്‍ ആസ്വദിച്ചു.
ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നു. ഹിന്ദുവിന്റെ പേരിൽ ആക്രമണം നടത്തുന്നു. നിങ്ങൾ ഹിന്ദുവല്ല. ബിജെപി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ല. എല്ലാ മതങ്ങളും ധൈര്യത്തിന്റെ പ്രതീകമാണെന്നും രാഹുല്‍ പറഞ്ഞു.
മണിപ്പൂര്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടിയും കര്‍ഷക, നീറ്റ്, അഗ്നിപഥ് വിഷയങ്ങള്‍ ഉയര്‍ത്തിയും രാഹുൽ രൂക്ഷവിമർശനമുന്നയിച്ചു. മണിപ്പൂരില്‍ നിരന്തരം ആക്രമണം നടന്നിട്ടും മോദി അവിടെ പോയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ബി.ജെ.പി മണിപ്പൂരിലെ ആഭ്യന്തര യുദ്ധത്തിലേക്കു തള്ളിയിട്ടു. മോദിക്കും അമിത് ഷായ്ക്കും മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ല. സംസ്ഥാനം പോലുമല്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
700 കര്‍ഷകര്‍ രക്തസാക്ഷികളായി. പ്രതിഷേധിച്ച കര്‍ഷകരെ തീവ്രവാദികളാക്കി. ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്നു പറഞ്ഞത് മോദിയാണ്. ദൈവം നേരത്തെ സന്ദേശം നല്കിയപ്പോള് മോദി നോട്ടുനിരോധനം നടപ്പാക്കിയെന്നും രാഹുല്‍ പരിഹസിച്ചു. അഗ്നിവീറുകളെ ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ്. അഗ്നിവീര്‍ സേനയുടെ പദ്ധതിയല്ല, പ്രധാനമന്ത്രിയുടെ പദ്ധതിയാണ്. പദ്ധതിയുടെ പേരില്‍ സൈന്യത്തില്‍ ഭിന്നിപ്പുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.